കൊച്ചി: ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി പദ്ധതി യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചേക്കില്ല. എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി ഉൾക്കൊള്ളുന്ന കളമശേരിയിലെ നിർദിഷ്ട ജുഡീഷ്യൽ സിറ്റി പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തെ വൻ പദ്ധതികളിലൊന്നായ ജുഡീഷ്യൽ സിറ്റി പദ്ധതി പുനഃപരിശോധിക്കാനോ മാറ്റം വരുത്താനോ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.പദ്ധതി പുനഃപരിശോധിക്കാനോ മാറ്റം വരുത്താനോ തീരുമാനിച്ചിട്ടില്ലെന്ന് യുഡിഎഫ് സർക്കാരിൽ നിന്ന് അറിയാനായെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനുള്ള മറുപടിയിലാണ് സംസ്ഥാനത്തെ വൻ പദ്ധതികളിലൊന്നിൻ്റെ ഭാവി സർക്കാർ പങ്കുവച്ചത്.എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി സമുച്ചയം ഉൾപ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കുന്നതിന് രണ്ടാം പിണറായി വിജയൻ സർക്കാർ കഴിഞ്ഞ വർഷം തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. 1,000 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്കായി എച്ച്എംടി ലിമിറ്റഡിന്റെ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ ഡിസംബറിൽ ഇടതുപക്ഷ സർക്കാർ തത്വത്തിൽ അനുമതി നൽകുകയായിരുന്നു.ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ സർക്കാർ തത്വത്തിൽ അനുമതി നൽകിയെങ്കിലും പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസ് പദ്ധതിക്ക് നിർണായകമാണ്. നഷ്ടപരിഹാരത്തുക സംബന്ധിച്ച് എച്ച്എംടിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന എതിർപ്പും ഹൈക്കോടതി നിലവിലുള്ള സ്ഥലത്തുനിന്ന് മാറ്റുന്നതിൽ എതിർപ്പുമായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ (കെഎച്ച്സിഎഎ) പ്രകടിപ്പിച്ച ആശങ്കകളും പദ്ധതിയുടെ പുരോഗതിയിൽ ആശങ്ക ശക്തമാക്കുന്നുണ്ട്.
ഹൈക്കോടതി കളമശേരിയിൽ എത്തിയേക്കും; ജുഡീഷ്യൽ സിറ്റി പദ്ധതി കൈവിടാതെ സർക്കാർ, സുപ്രീം കോടതി നിലപാട് നിർണായകം
