ഡൽഹിയിൽ വായുമലിനീകരണം തടയാൻ കർശന നീക്കവുമായി സുപ്രീം കോടതി

രാജ്യതലസ്ഥാനത്തെ രൂക്ഷമായ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ബി.എസ്.-6 മലിനീകരണ മാനദണ്ഡം പാലിക്കുന്ന വാഹനങ്ങൾ മാത്രം അനുവദിക്കുന്നത് പരിഗണനയിലാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാന മേഖലയിലെ വായുമലിനീകരണ വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

2020 ഏപ്രിൽ ഒന്നിന് രാജ്യത്ത് നടപ്പിലാക്കിയ ബി.എസ്.-6 മാനദണ്ഡം പാലിക്കുന്ന വാഹനങ്ങൾ പഴയ ബി.എസ്.-4 വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവിൽ മാത്രമാണ് മാലിന്യം പുറന്തള്ളുന്നത്.കൂടാതെ, ഡൽഹിയിലേക്ക് പ്രവേശിക്കുന്ന വാണിജ്യ വാഹനങ്ങളിൽ കൂടുതൽ മലിനീകരണമുണ്ടാക്കുന്നവയെ തടയുന്നതിനായി കൃത്യമായൊരു ദീർഘകാല പദ്ധതി ആവിഷ്കരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ദേശീയ തലസ്ഥാന മേഖലയിലെ വായുമലിനീകരണം കുറയ്ക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ ഡൽഹിയുടെ അയൽസംസ്ഥാനങ്ങളായ ഹരിയാണ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സർക്കാരുകളോടും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *