ബംഗാളില്‍ സിപിഎം ബുക്ക് സ്റ്റാളുകള്‍ക്ക് നേരെ ആക്രമണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാര്‍ട്ടി കോടതിയില്‍, ഹര്‍ജി തള്ളി

പശ്ചിമ ബംഗാളില്‍ ദുർഗാപൂജയോട് അനുബന്ധിച്ച്‌ സ്ഥാപിച്ചിരുന്ന ബുക്ക് സ്റ്റാളുകള്‍ വ്യാപകമായി തകർക്കപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സമർപ്പിച്ച ഹർജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളി.സിപിഎം ജാദവ്പുർ ഏരിയ കമ്മിറ്റി സമർപ്പിച്ച ഹർജി ആണ് ജസ്റ്റിസ് പാർത്ഥ പ്രഥിം റോയ് ഉള്‍പ്പെട്ട സിംഗിള്‍ വെക്കേഷൻ ബെഞ്ച് തള്ളിയത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഎം കോടതിയെ സമീപിച്ചത്. എന്നാല്‍ സമാന വിഷയത്തില്‍ മറ്റൊരു ഹർജി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ എത്തിയിട്ടുണ്ടെന്നും ഇത് ജനുവരിയില്‍ പരിഗണിക്കാൻ നിശ്ചയിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ നിലവിലെ ഹർജി പ്രത്യേകം പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.ദുർഗാപൂജ ആഘോഷങ്ങളുടെ ഭാഗമായി കൊല്‍ക്കത്ത ഉള്‍പ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം സ്ഥാപിച്ച ബുക്ക് സ്റ്റാളുകള്‍ക്കെതിരെ ഉണ്ടായ ആക്രമണത്തിനെതിരെ പാർട്ടി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന നൂറോളം ബുക്ക് സ്റ്റാളുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായി സിപിഎം ആരോപിച്ചിരുന്നു. ഇതില്‍ 35 ഓളം ബുക്ക് സ്റ്റാളുകള്‍ പൂർണമായും തകർക്കപ്പെട്ടതായും സിപിഎം ആരോപിച്ചു. ഇക്കുറി 600ലധികം ബുക്ക് സ്റ്റാളുകളാണ് സിപിഎം സ്ഥാപിച്ചിരുന്നത്.ആക്രമണത്തെ പ്രമുഖരടക്കം വിവിധ ആളുകള്‍ വിമർശിച്ചിരുന്നു. ആക്രമണത്തെ അപലപിച്ച മന്ത്രി സ്വപൻ ദാസ്ഗുപ്ത, ഇത്തരം സംഭവങ്ങള്‍ നിർഭാഗ്യകരമാണെന്നും നാണക്കേടാണെന്നും പ്രതികരിച്ചു. ആക്രമണത്തെ ബിജെപി സംസ്ഥാന ഘടകവും അപലപിച്ചു. സ്റ്റാളുകള്‍ തകർത്തവർക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു. ബുക്ക് സ്റ്റാളുകള്‍ തകർത്തതിനോട് യോജിക്കുന്നില്ല. സംഭവത്തില്‍ ബിജെപി പ്രവർത്തകർക്ക് ബന്ധമില്ലെന്നും ഇത്തരം പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവരെക്കുറിച്ച്‌ ബോധവാന്മാരായിരിക്കാൻ പ്രവർത്തകർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *