ദിശ സാലിയൻ മരണത്തില്‍ സിബിഐ അന്വേഷണം; തെളിവില്ലാതെ ആരെയും പ്രതിയാക്കരുതെന്ന് ബോംബെ ഹൈക്കോടതി

നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജർ ദിശ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം നടത്താൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.എന്നാല്‍, കേസില്‍ മതിയായ തെളിവുകള്‍ ലഭിക്കാതെ ആരെയും പ്രതിയായി കണക്കാക്കരുതെന്നും കോടതി നിർദേശിച്ചു.മകളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുംബൈ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച്‌ ദിശയുടെ പിതാവ് സതീഷ് സാലിയൻ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.2020 ജൂണ്‍ 8നാണ് ദിശ സാലിയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്ലാറ്റില്‍ നടൻ സുശാന്ത് സിങ് രജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ദിശയുടെ മരണം.ദിശയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായെന്നുമാണ് കുടുംബം ആരോപിച്ചിരുന്നത്. എന്നാല്‍, പൊലീസ് അന്വേഷണ റിപ്പോർട്ടില്‍ സംഭവം അപകടമരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്.മരണത്തിന് അഞ്ച് വർഷങ്ങള്‍ പിന്നിട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും എഡിആർ രേഖകളുടെയും പകർപ്പുകള്‍ കുടുംബത്തിന് ലഭ്യമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സിബിഐക്ക് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു.സിബിഐ അന്വേഷണത്തിലൂടെ ദിശ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *