ഭര്‍ത്താവിൻ്റെ നിര്‍ബന്ധം മൂലം ജോലി രാജി വയ്‌ക്കേണ്ടി വന്നു: ഭാര്യയ്ക്കും മകനും പ്രതിമാസം 30,000 രൂപ ജീവനാംശം നല്‍കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

ഭർത്താവിന്റെ സമ്മർദ്ദവും നിർബന്ധവും കാരണം സർക്കാർ കരാർ ജോലി ഉപേക്ഷിക്കേണ്ടിവന്ന ഭാര്യയ്ക്കും കുട്ടിക്കും പ്രതിമാസം 30,000 രൂപ ഇടക്കാല ജീവനാംശമായി നല്‍കാൻ ഡെന്റല്‍ സർജനായ ഭർത്താവിനോട് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു.തന്റെ മാസവരുമാനം വെറും 20,000 രൂപ മാത്രമാണെന്ന ഭർത്താവിന്റെ അവകാശവാദം തള്ളിക്കളഞ്ഞാണ് ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യയുടെ ഉത്തരവ്.തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക വിവരങ്ങളും മറച്ചുവെച്ച ഭർത്താവിന്റെ നടപടിക്കെതിരെ കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. ഭാര്യയ്ക്ക് 20,000 രൂപയും കുട്ടിയുടെ ചെലവുകള്‍ക്കായി 10,000 രൂപയും പ്രതിമാസം നല്‍കാൻ വിചാരണക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ഭർത്താവ് സമർപ്പിച്ച റിവിഷൻ ഹർജി തള്ളിയാണ് ഹൈക്കോടതി തുക ശരിവെച്ചത്.ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഭാര്യക്ക് തന്റെ സർക്കാർ കരാർ ജോലി രാജിവെക്കേണ്ടിവന്നത്. അതിനാല്‍ അവർക്ക് ജീവനാംശത്തിന് പൂർണ്ണ അർഹതയുണ്ട്. തന്റെ വരുമാനം 20,000 രൂപ മാത്രമാണെന്ന് കാണിക്കാൻ സമർപ്പിച്ച സ്വത്തുവിവര രേഖകളില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ മറ്റ് സാമ്പത്തിക വിവരങ്ങളോ ഭർത്താവ് ഉള്‍പ്പെടുത്തിയിരുന്നില്ല. കോടതി ചോദ്യം ചെയ്തപ്പോള്‍ മാത്രമാണ് ബാങ്ക് വിവരങ്ങള്‍ നല്‍കാം എന്ന് അഭിഭാഷകൻ സമ്മതിച്ചത്.യഥാർത്ഥ വരുമാനം മറച്ചുവെച്ച ഭർത്താവിന്റെ നടപടി മുൻനിർത്തി കോടതി അയാള്‍ക്കെതിരെ പ്രതികൂല നിഗമനത്തിലെത്തുകയായിരുന്നു. വിചാരണക്കോടതി നിശ്ചയിച്ച ജീവനാംശ തുക പൂർണ്ണമായും ന്യായമാണെന്ന് വ്യക്തമാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി, ഭർത്താവ് നല്‍കിയ ഹർജി തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *