നിര്‍ണായക കേസുകളില്‍ യുഎസ് സുപ്രീം കോടതി ജഡ്ജിമാര്‍ തന്നോട് ‘വിശ്വസ്തത’ പുലര്‍ത്തണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ജന്മനാ ലഭിക്കുന്ന പൗരത്വം നിര്‍ത്തലാക്കിക്കൊണ്ടുള്ള തന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെ കോടതി പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട ട്രംപ്, തന്റെ താരിഫ് നയത്തിനെതിരെയുള്ള കോടതിയുടെ സമീപകാല വിധിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് സുപ്രീം കോടതിക്കെതിരെ രംഗത്തെത്തിയത്. തന്റെ ആദ്യ ഭരണകാലത്ത് താന്‍ തന്നെ നിയമിച്ച ജസ്റ്റിസുമാരായ നീല്‍ ഗോര്‍സച്ച്, ആമി കോണി ബാരറ്റ് എന്നിവര്‍ താരിഫ് നയത്തിനെതിരെ വോട്ട് ചെയ്തത് ‘വിനാശകരമായ നീക്കം’ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.’അവര്‍ ശരിയായ കാര്യം ചെയ്യണം, എന്നാല്‍ അവരെ നിയമിച്ച വ്യക്തിയോട് അവര്‍ വിശ്വസ്തത കാണിക്കുന്നതില്‍ തെറ്റില്ല,’ എന്ന് ട്രംപ് കുറിച്ചു.അമേരിക്കയില്‍ അനധികൃതമായോ താത്കാലിക വിസയിലോ കഴിയുന്നവരുടെ മക്കള്‍ക്ക് പൗരത്വം നല്‍കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് രണ്ടാം ഭരണകാലത്തിന്റെ ആദ്യദിനം തന്നെ ട്രംപ് ഒപ്പിട്ടിരുന്നു. എന്നാല്‍ ഭരണഘടനയുടെ 14-ാം ഭേദഗതി ചൂണ്ടിക്കാട്ടി കീഴ്‌ക്കോടതികള്‍ ഇത് തടഞ്ഞു. ഈ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ പ്രസിഡന്റിന്റെ നടപടി അധികാരം ദുരുപയോഗം ചെയ്യലാണെന്ന് ഫെബ്രുവരിയില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധി കാരണം ഏകദേശം 159 ബില്യണ്‍ ഡോളര്‍ തിരികെ നല്‍കേണ്ടി വരുമെന്നും ഇത് രാജ്യത്തിന് വലിയ നഷ്ടമാണെന്നും ട്രംപ് ആരോപിച്ചു.അമേരിക്കന്‍ ജനാധിപത്യത്തില്‍ എക്‌സിക്യൂട്ടീവിനും കോണ്‍ഗ്രസിനും മേല്‍ നിയന്ത്രണമുള്ള സ്വതന്ത്രമായ ഒരു വിഭാഗമാണ് സുപ്രീം കോടതി. ആജീവനാന്ത കാലയളവിലേക്ക് നിയമിക്കപ്പെടുന്ന ജഡ്ജിമാരുടെ മേല്‍ വൈറ്റ് ഹൗസ് സമ്മര്‍ദ്ദം ചെലുത്തുന്നത് അസാധാരണമായ നടപടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.ട്രംപിന്റെ പൗരത്വ നയത്തിനെതിരെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നിയമപോരാട്ടം തുടരുകയാണ്. ഭരണഘടനയ്ക്കും അമേരിക്കന്‍ മൂല്യങ്ങള്‍ക്കും വിരുദ്ധമാണ് ട്രംപിന്റെ തീരുമാനമെന്ന് അവര്‍ വാദിക്കുന്നു. ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ ഈ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 79-കാരനായ ട്രംപ്, കോടതി തനിക്കെതിരെ വിധി പ്രസ്താവിക്കുമോ എന്ന ആശങ്കയും പോസ്റ്റിലൂടെ പങ്കുവെച്ചു.
‘കോടതി വിശ്വസ്തത കാണിക്കണം’: സുപ്രീം കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്
