കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ദമ്പതികള്‍ക്ക് കുട്ടികളില്ലാത്തത് ഭാര്യയുടെ കുഴപ്പമായോ ഭര്‍ത്താവിനോടുള്ള ക്രൂരതയായോ കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നല്‍കിയ വിവാഹമോചന ഹര്‍ജി തള്ളിയ കുടുംബക്കോടതി വിധി ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന്‍, ജസ്റ്റിസ് എംഡി സുമതി എന്നിവരടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ശരിവെക്കുകയായിരുന്നു.

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം. കുട്ടികളുണ്ടാകാത്തത് പങ്കാളികളില്‍ ആരുടെയും കുറ്റമല്ല. ആ വിഷമം രണ്ടുപേരെയും ബാധിക്കുമെങ്കിലും, വന്ധ്യതാ ചികിത്സയുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ മുഴുവന്‍ അനുഭവിക്കുന്നത് ഭാര്യയാണ്. ഇത്രയും ശാരീരിക ബുദ്ധിമുട്ടുകള്‍ സഹിച്ചുകൊണ്ട് ഭാര്യ ചികിത്സയ്ക്ക് തയ്യാറാകുന്നത് തന്നെ ബന്ധം നിലനിര്‍ത്താനുള്ള ആഗ്രഹം കൊണ്ടാണ്’ -കോടതി നിരീക്ഷിച്ചു.ഭാര്യ ക്രൂരമായി പെരുമാറുന്നുവെന്നും കുടുംബബന്ധം തകര്‍ന്നുവെന്നും ആരോപിച്ച് 2007ല്‍ വിവാഹിതനായ ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഭാര്യ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയും, താന്‍ തുടരുന്ന വന്ധ്യതാ ചികിത്സയുടെ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇത് പരിഗണിച്ചാണ് കുടുംബക്കോടതി ഹര്‍ജി തള്ളിയത്. ഈ വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലാണ് ഹൈക്കോടതിയും ഇപ്പോള്‍ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *