കൊച്ചി: ദേശീയപാത 85ലെ നേര്യമംഗലം ഭാഗം വീതികൂട്ടുന്നതിനുള്ള ജോലികള്‍, നേരത്തെയുള്ള ഉത്തരവ് പ്രകാരം റവന്യൂ- വനം വകുപ്പുകളുടെ സംയുക്ത സംഘം സ്ഥലം തിട്ടപ്പെടുത്തിയ ശേഷം മാത്രമേ പുനരാരംഭിക്കാവൂ എന്ന് ഹൈക്കോടതി. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന്, ഈ മേഖലയിലെ റോഡ് വീതികൂട്ടല്‍ ജോലികള്‍ പുനരാരംഭിക്കാന്‍ അനുമതി തേടി എന്‍.എച്ച്.എ.ഐ സമര്‍പ്പിച്ച ഇടക്കാല ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വനഭൂമിയായ ഈ പ്രദേശത്ത് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ (വനം സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 2 പ്രകാരം) റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരേ തൊടുപുഴ സ്വദേശിയായ എം.എന്‍ ജയചന്ദ്രന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് ഈ ഇടക്കാല ഹരജി ഫയല്‍ ചെയ്തിരുന്നത്.
നേരത്തെ, 2025 ഒക്ടോബറില്‍, റോഡ് വീതികൂട്ടാന്‍ ഉപയോഗിക്കുന്ന ഭൂമി സംരക്ഷിത വനമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ വസ്തുതകളും രേഖകളും പരിശോധിച്ച് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയോട് ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇപ്പോൾഎന്.എച്ച്.എ.ഐയുടെ ആവശ്യം പരിഗണിക്കുന്നതിനിടെ തര്‍ക്കത്തിലുള്ള ഭൂമിയില്‍ റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തേണ്ട പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍, ഈ നടപടി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാവൂ എന്ന് കോടതി ഉത്തരവിടുകയായിരുന്നു.
