ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂരില്‍ ആറ് മാസം തടവുശിക്ഷ വിധിച്ചു. ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ തുടർച്ചയായി ലംഘിച്ചതിനും കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് ശിക്ഷ.ഉടൻ സിങ്കപ്പൂരിലെ കോടതിയില്‍ കീഴടങ്ങാൻ ഉത്തരവിട്ടതിനൊപ്പം 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 67.46 ലക്ഷം രൂപ) നിയമപരമായ ചിലവായി കോടതിയില്‍ അടക്കാനും വിധിയില്‍ ആവശ്യപ്പെട്ടു. 2024 ഏപ്രില്‍ മുതല്‍ തന്റെ ആസ്തി വിവരം വെളിപ്പെടുത്താൻ ബൈജു രവീന്ദ്രനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണയായി കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ പാലിക്കാതിരുന്നതാണ് നടപടിക്ക് കാരണം.സിംഗപ്പൂരിലെ ബീയാർ ഇൻവെസ്റ്റ്കോ എന്ന കമ്പനിയിലെ തന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഉപകമ്പനി നല്കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ബൈജൂസ് കമ്പനി ആഗോള തലത്തിലെ തങ്ങളുടെ നിക്ഷേപകരുമായി ഇപ്പോള്‍ നടത്തുന്ന നിയമയുദ്ധങ്ങളില്‍ ഏറ്റവും പുതിയ തിരിച്ചടിയാണിത്. അതേസമയം ബൈജു രവീന്ദ്രൻ ഇപ്പോള്‍ എവിടെയാണെന്നതില്‍ വ്യക്തതയില്ല. അദ്ദേഹം സിംഗപ്പൂർ അധികൃതർക്ക് മുന്നില്‍ കീഴടങ്ങണമെന്നാണ് കോടതി ഉത്തരവ്.അമേരിക്കയിലും ബൈജൂസിനെതിരെ നിയമനടപടികള്‍ തുടരുകയാണ്. 1.2 ബില്യണ്‍ ഡോളറിന്റെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസ് കോടതിയും നേരത്തെ ബൈജുവിനെതിരെ രൂക്ഷമായ പരാമർശങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയിലെ സ്റ്റാർട്ട്അപ്പുകളില്‍ വച്ച് ഏറ്റവും വലിയ മുന്നേറ്റം നടത്തി ലോകമാകെ പ്രശസ്തിയാർജിച്ച ശേഷമാണ് വൻ തകർച്ചയിലേക്ക് ബൈജൂസ് കൂപ്പുകുത്തിയത്.
ബൈജു രവീന്ദ്രന് ആറ് മാസം തടവുശിക്ഷ, ഉടൻ കീഴടങ്ങണം, 67.46 ലക്ഷം രൂപ അടക്കണം; സിങ്കപ്പൂര്‍ കോടതി വിധി
