കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമം: പരാതി നല്‍കാൻ വൈകുന്നത് കേസെടുക്കാതിരിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് നേരെയുളള ലൈംഗീകാതിക്രമ കേസുകളില്‍ പരാതി നല്‍കാൻ വൈകുന്നത് കേസ് റദ്ദാക്കാനുള്ള കാരണമാകരുതെന്ന് ഹൈക്കോടതി.മതിയായ തെളിവുകളുണ്ടെങ്കില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ കുറ്റക്കാരനായി കണ്ടെത്തിയ നടപടി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. 2010 ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് അതിക്രമിച്ച്‌ കയറിയ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകർത്തിയതായും കണ്ടെത്തി. സംഭവത്തിന് ശേഷം കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡോക്ടറോട് വിവരങ്ങള്‍ പറഞ്ഞത്. സംഭവം നടന്ന് 15 ദിവസത്തിന് ശേഷമാണ് അമ്മയ്‌ക്കൊപ്പം പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. 2011 ജനുവരി നാലിന് കേസ് രജിസ്റ്റർ ചെയ്തു.പരാതി നല്‍കുന്നതിലുണ്ടായ കാലതാമസം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ കേസ് റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാല്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലുണ്ടായ താമസത്തിന് വ്യക്തമായ വിശദീകരണമുണ്ടെന്ന് കോടതി വിലയിരുത്തി. ലൈംഗികാതിക്രമത്തിനൊപ്പം സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെ ബലം പ്രയോഗിക്കല്‍, വീട്ടില്‍ അതിക്രമിച്ച്‌ കയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കും പ്രതിയെ ശിക്ഷിച്ചിരുന്നു. പാലക്കാട് അഡീഷനല്‍ സെഷൻസ് കോടതി ഏഴ് വർഷം തടവ് വിധിച്ച ശിക്ഷ അപ്പീലില്‍ അഞ്ച് വർഷമായി കുറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *