പ്ലസ് വൺ വിദ്യാർഥിനിയായ മീരയെ (16) കൊലപ്പെടുത്തിയ കേസിൽ അമ്മ മഞ്ജുഷയ്ക്കും കാമുകൻ അനീഷിനും തിരുവനന്തപുരം സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്.ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന മഞ്ജുഷ മകൾ മീരയ്‌ക്കൊപ്പം നെടുമങ്ങാട് വാടകവീട്ടിൽ താമസിക്കുമ്പോഴാണ് അയൽവാസിയായ അനീഷുമായി പ്രണയത്തിലാകുന്നത്. ഈ ബന്ധത്തെ മകൾ ശക്തമായി എതിർത്തതായിരുന്നു കൊലപാതകത്തിന് കാരണം. 2019 ജൂൺ 10-നായിരുന്നു കൊലപാതകം നടന്നത്. ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മീരയെ ബൈക്കിലിരുത്തി അനീഷിന്റെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മീര തമിഴ്‌നാട്ടിലേക്ക് ആരോടൊപ്പം ഒളിച്ചോടിയെന്ന് കള്ളം പ്രചരിപ്പിച്ച പ്രതികൾ നാഗർകോവിലിൽ ഒളിവിൽ താമസിക്കുകയായിരുന്നു.മകളെയും പേരക്കുട്ടിയെയും കാണാനില്ലെന്ന് മഞ്ജുഷയുടെ മാതാവ് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. നാഗർകോവിലിൽ നിന്ന് പ്രതികളെ പിടികൂടിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളാണ് പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ നിർണ്ണായകമായത്. എന്നാൽ അനീഷിനെതിരെ ബാലനീതി നിയമപ്രകാരം ചുമത്തിയിരുന്ന ശിക്ഷ ഹൈക്കോടതി ഒഴിവാക്കി.
പ്ലസ് വൺ വിദ്യാർഥിനിയുടെ കൊലപാതകം; അമ്മയുടെയും കാമുകന്റെയും ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു
