ഡിജിറ്റല്‍ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളും മറ്റ് സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ അറിയിക്കാൻ വാട്സാപ്പ് ഉള്‍പ്പെടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളോട് സുപ്രീം കോടതി നിർദേശിച്ചു.ഇത് സംബന്ധിച്ച നിർദേശങ്ങള്‍ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിന് (Indian Cybercrime Coordination Centre) സമർപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടല്‍.വ്യാജ രേഖകളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ അറസ്റ്റ് ഇരകള്‍ എന്ന പേരില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിർദേശം. കഴിഞ്ഞ മാസം 29 ന് നടന്ന വാദം കേള്‍ക്കലിന്റെ ഉത്തരവാണ് ഇപ്പോള്‍ സുപ്രീം കോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവർ കൂടി ഉള്‍പ്പെട്ട ബെഞ്ച് ഈ മാസം 23 ന് കേസ് വീണ്ടും പരിഗണിക്കും.തട്ടിപ്പുകള്‍ തടയാൻ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനകം 9400 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തതായും വാട്സാപ്പ് കോടതിയെ അറിയിച്ചിരുന്നു. സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച്‌ വിശദമായ സത്യവാങ്മൂലം സമർപ്പിക്കുമെന്നും പ്ലാറ്റ്ഫോം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കും മറ്റ് ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങളെയും ഉത്തരവാദികളാക്കണമെന്ന് ഒക്ടോബർ 29 ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബാങ്കിന്റെയോ സ്ഥാപനത്തിന്റെയോ ജാഗ്രതക്കുറവ് മൂലമാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍, ഇരകള്‍ക്കുണ്ടായ നഷ്ടം നികത്താൻ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി ഊന്നിപ്പറഞ്ഞു.ഇതിന് പുറമെ, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കേസുകളില്‍ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ വിവരങ്ങളെക്കുറിച്ചും അവയിലെ അന്വേഷണ പുരോഗതിയെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമപാലകർക്കും ബെഞ്ച് നിർദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *