ആർ. സുഗതന്റെ കരുതൽ തടങ്കൽ റദ്ദാക്കി ഹൈക്കോടതി; ജയിലിൽ നിന്ന് പുറത്തേക്ക്

തിരുവനന്തപുരം: വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനുമേൽ ചുമത്തിയിരുന്ന കാപ്പ കേസിളെ കരുതൽ തടങ്കൽ റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കാപ്പ നിയമപ്രകാരം ചുമത്തിയ സുഗതന്റെ കരുതൽ തടങ്കൽ റദ്ദാക്കിയിരിക്കുന്നത്. കാപ്പ റദ്ദാക്കണമെന്ന സുഗതന്റെ ഭാര്യ അശ്വതിയുടെ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. സുഗതനെയും സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെയും സംബന്ധിച്ചിടത്തോളം വളരെ ആശ്വാസം നൽകുന്ന വാർത്തയാണിത്. എന്നാൽ കരുതൽ തടങ്കൽ റദ്ദാക്കിയെങ്കിലും സുഗതന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടോയെന്നത് വ്യക്തമല്ല.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. വിധിയിലെ വിശദാംശങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. അന്യായമായാണ് സുഗതനുമേൽ കാപ്പ ചുമത്തിയിരിക്കുന്നതെന്നും ഇത് രാഷ്ട്രീയപ്രേരിതമാണ് എന്നുമാണ് ഹർജിയിൽ സുഗതന്റെ ഭാര്യ ഉന്നയിച്ചിട്ടുള്ള പ്രധാന വാദങ്ങൾ.

സുഗതൻ നഗരസഭാ കൗൺസിലിൽ പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്നും ബിജെപിയുടെ ഭൂരിപക്ഷം ഇല്ലാതാക്കാനായി സിപിഎമ്മും കോൺഗ്രസും ചേർന്ന നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് സുഗതന്റെ അറസ്റ്റെന്നും അവർ വാദിച്ചു. മാത്രമല്ല, കാപ്പ കേസിൽ സുഗതന്റെ അറസ്റ്റ് നടന്നത് നിയമക്രമങ്ങളെല്ലാം പാലിച്ചല്ല എന്നും അവർ ഹർജിയിൽ പറഞ്ഞിട്ടുണ്ട്. കൊലപാതകശ്രമമടക്കം വിവിധ കേസുകളടക്കം പരിഗണിച്ചുകൊണ്ടാണ് ജില്ലാ കളക്ടർ സുഗതനം കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയത്. ഇതിനുപിന്നാലെ, സുഗതനെ അറസ്റ്റുചെയ്യാൻ പോയ പോലീസ് സംഘത്തിനുനേരെ ആക്രമണം ഉണ്ടാവുകയും പോലീസ് ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തതടക്കം വലിയ സംഭവവികാസങ്ങൾ ഉണ്ടായിരുന്നു.

സുഗതൻ ജയിലിലായതോടെ ബിജെപിക്ക് ഭരണം ലഭിച്ച തിരുവനന്തപുരം കോർപറേഷനിലും പ്രതിസന്ധിയായിരുന്നു. ഹൈക്കോടതിയുടെ പ്രത്യേക അനുമതി പ്രക്രാരം ജയിലിൽ വെച്ചാണ് സുഗതൻ സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെയാണ് സുഗതന്റെ ഭാര്യ അശ്വതി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *