അവിഹിതബന്ധത്തിന് സാഹചര്യത്തെളിവു മതി -മദ്രാസ് ഹൈക്കോടതി

ചെന്നൈ: ദാമ്പത്യത്തർക്കത്തിൽ അവിഹിതബന്ധം സ്ഥാപിക്കാൻ സാഹചര്യത്തെളിവുകൾ മതിയെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. വിവാഹേതര ലൈംഗികബന്ധം നടക്കുന്നത് അതിരഹസ്യമായിട്ടാവുമെന്നതുകൊണ്ട് അതിന് നേരിട്ടുള്ള തെളിവ്‌ ഹാജരാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ജസ്റ്റിസ് സി.വി. കാർത്തികേയനും ജസ്റ്റിസ് കെ. രാജശേഖറുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.ഭാര്യക്ക്‌ മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നുകാണിച്ച് ഭർത്താവ് നൽകിയ വിവാഹമോചനഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. അവിഹിതബന്ധത്തിന് തെളിവില്ലെന്നുപറഞ്ഞ് കുടുംബക്കോടതി നേരത്തേ ഹർജി തള്ളിയിരുന്നു. അതിനെതിരേ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി അനുകൂലവിധി പുറപ്പെടുവിച്ചത്.സി.ആർ.പി.എഫ്. ജീവനക്കാരനായ ഭർത്താവിന് ജോലിയാവശ്യത്തിനായി പലപ്പോഴും വീട്ടിൽനിന്ന്‌ മാറിനിൽക്കേണ്ടിവരാറുണ്ട്. ഈ സമയത്ത് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലായെന്നാണ് പരാതി. ഭാര്യയെയും ആൺസുഹൃത്തിനെയും പലയിടത്തുവെച്ചും പലരും കണ്ടതിന് ഭർത്താവ് തെളിവ്‌ ഹാജരാക്കിയിരുന്നു. തന്റെ ഭർത്താവിന് ഹർജിയിൽപ്പറയുന്ന സ്ത്രീയുമായി ബന്ധമുണ്ടെന്നു കാണിച്ച് ആൺസുഹൃത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ രേഖയും ഹാജരാക്കി. എന്നാൽ, ഹർജിക്കാരന്റെ ഭാര്യയും മറ്റൊരാളും തമ്മിൽ ലൈംഗികബന്ധമുണ്ടെന്നതിന് ഈ തെളിവുപോരെന്നായിരുന്നു കുടുംബക്കോടതിയുടെ അഭിപ്രായം.വിവാഹേതരബന്ധത്തിന്റെപേരിൽ വിവാഹമോചനം അനുവദിക്കണമെങ്കിൽ ദമ്പതിമാരിലൊരാൾ അവിഹിത ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന് തെളിയിക്കണം. അതിന് നേരിട്ടുള്ള തെളിവ് ഹാജരാക്കുന്നത് തികച്ചും ദുഷ്കരമാണുതാനും. അതുകൊണ്ട് സാഹചര്യത്തെളിവുകളെ ആശ്രയിക്കേണ്ടിവരും. ഇവിടെ, ഭർത്താവ് ഹാജരാക്കിയ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദിക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *