‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’യില്‍ ഫോണ്‍ നമ്പര്‍ അനുമതിയില്ലാതെ ഉപയോഗിച്ചു; നിര്‍മാതാവിനും നെറ്റ്ഫ്ലിക്സിനുമെതിരെ കേസെടുക്കാൻ കോടതി

കുഞ്ചാക്കോ ബോബൻ നായകനായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഓഫീസർ ഓണ്‍ ഡ്യൂട്ടി’ സിനിമയുടെ നിർമാതാവിനും സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം.സ്വകാര്യ വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ നമ്പർ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിച്ചെന്ന പരാതിയിലാണ് നടപടി. നിർമാതാവ് മാർട്ടിൻ പ്രക്കാട്ട് ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കും.എറണാകുളം ചീഫ് ജുഡീഷ്യല്‍ കോടതിയാണ് കേസെടുക്കാൻ നിർദേശം നല്‍കിയത്. സിനിമ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തതിന് പിന്നാലെ തന്റെ ഫോണിലേക്ക് നിരന്തരം കോളുകള്‍ വരുന്നുവെന്നാണ് നമ്പർ ഉടമയുടെ പരാതി. വിദേശത്തുനിന്ന് ഉള്‍പ്പെടെ തുടർച്ചയായി കോളുകള്‍ ലഭിക്കുന്നതായും പരാതിയില്‍ പറയുന്നു.സിനിമയില്‍നിന്ന് നമ്പർ നീക്കം ചെയ്യണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാൻ കോടതി നിർദേശം നല്‍കി.ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസെടുക്കുക. ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള വഞ്ചനാക്കുറ്റവും ചുമത്തും.

Leave a Reply

Your email address will not be published. Required fields are marked *