മുംബൈ: വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതി. വിലാസം മാറ്റിയ വോട്ടർമാർ കൃത്യമായ രേഖകൾ നൽകിയിട്ടും പുതിയ വോട്ടർമാരെപ്പോലെ വീണ്ടും അപേക്ഷ നൽകാൻ നിർബന്ധിക്കുന്നതിനെതിരെയാണ് കോടതി രംഗത്തെത്തിയത്. പൗരന്മാരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുകയാണെങ്കിൽ പിന്നെ എസ്ഐആറിന്‍റെ പ്രയോജനം എന്താണെന്ന് കോടതി ചോദ്യം ചെയ്തു. ഗോവ ബെഞ്ചിലെ ജസ്റ്റിസ് വാൽമികി മെനീസെസ്, ജസ്റ്റിസ് അമിത് ജംസന്ദേകർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.
എല്ലാ ഇന്ത്യൻ പൗരന്മാരുടെയും പേരുകൾ അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഓർമ്മിപ്പിച്ച കോടതി, വോട്ടർമാരെ ഒഴിവാക്കുന്ന നടപടികളെ ചോദ്യം ചെയ്തു. വിലാസം മാറിയ വോട്ടർമാർ പുതിയ വോട്ടർമാർക്കുള്ള ‘ഫോം 6’ പൂരിപ്പിച്ച് നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധിക്കുന്നതിനെ കോടതി എതിർത്തു. നിലവിലുള്ള വോട്ടർ പട്ടികയിലെ വിലാസത്തിൽ തന്നെയാണ് തുടരുന്നതെന്ന വ്യാജ പ്രഖ്യാപനം അടങ്ങിയ മുൻകൂട്ടി തയ്യാറാക്കിയ ‘എന്യുമറേഷൻ ഫോം’ സമർപ്പിക്കാൻ പൗരന്മാരെ നിർബന്ധിക്കാൻ കമ്മീഷനാകില്ലെന്ന് കോടതി വ്യക്തമാക്കി
വിലാസം മാറിയ ഒരാൾ നിലവിലുള്ള വോട്ടർ പട്ടികയിൽ പേരുള്ളതിനാൽ വിലാസം മാറ്റുന്നതിനായി ‘ഫോം 8’ നൽകിയാൽ മതിയെന്നും, എന്നാൽ എന്യുമറേഷൻ ഫോം നൽകാത്തതിന്റെ പേരിൽ മാത്രം ആളുകളുടെ പേരുകൾ ഡ്രാഫ്റ്റ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഡ്രാഫ്റ്റ് പട്ടിക അന്തിമമാകുന്നതുവരെ നിലവിലുള്ള വോട്ടർ പട്ടികയാണ് പ്രാബല്യത്തിലിരിക്കുക എന്ന ‘രജിസ്ട്രേഷൻ ഓഫ് ഇലക്ട്രേഴ്സ് റൂൾസ്, 1960’-ലെ വ്യവസ്ഥകളും ബെഞ്ച് കമ്മീഷനെ ഓർമിപ്പിക്കുകയുണ്ടായി.ഗോവയിലെ പരേഷ് സാൽഗോങ്കർ കുടുംബം സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണായക ഇടപെടൽ. ഫോം 8 നൽകിയിട്ടും തങ്ങളുടെ പേരുകൾ ഡ്രാഫ്റ്റ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്ന് കാണിച്ച് ഇവർ സമർപ്പിച്ച ഹർജിയിലാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയത്.
