കന്നഡ നടനും സംവിധായകനുമായ ദുനിയ വിജയ്യും ഭാര്യ നാഗരത്നയും തമ്മിലുള്ള ദീർഘകാലത്തെ ദാമ്പത്യ തർക്കത്തിന് ഒടുവിൽ നിയമപരമായ കലാശം. ഇരുവർക്കും വിവാഹമോചനം അനുവദിച്ച് കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചു. ഭാര്യ നാഗരത്നയ്ക്ക് ഒറ്റത്തവണ ജീവനാംശമായി രണ്ട് കോടി രൂപ നൽകാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ഡി.കെ. സിങ്, ജസ്റ്റിസ് എച്ച്. ശാന്തി ഭൂഷൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ച് വിധി പ്രസ്താവിച്ചത്. വിജയ്യുടെ സാമ്പത്തിക സ്ഥിതി, സിനിമാ മേഖലയിലെ പദവി, നാഗരത്നയുടെ സാഹചര്യം, ദമ്പതികളുടെ മൂന്ന് മക്കളുടെ ഭാവി എന്നിവ കണക്കിലെടുത്താണ് ജീവനാംശ തുക നിശ്ചയിച്ചത്. രണ്ട് മാസത്തിനകം ഈ തുക കൈമാറണമെന്നും, അതിൽ വീഴ്ച വരുത്തിയാൽ പ്രതിവർഷം ആറ് ശതമാനം പലിശ നൽകേണ്ടിവരുമെന്നും ഹൈക്കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്.‘‘ചലച്ചിത്രപ്രവർത്തകർ ബിഗ് സ്ക്രീനിൽ കാണിക്കുന്ന ഉന്നത മൂല്യങ്ങളും പെരുമാറ്റവും അവരുടെ വ്യക്തിജീവിതത്തിലും പ്രതിഫലിക്കണം,’’ എന്ന സുപ്രധാനമായ നിരീക്ഷണവും വിധി പ്രസ്താവിക്കവേ ഹൈക്കോടതി ബെഞ്ച് നടത്തി.വിധി വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ദുനിയ വിജയ് വൈകാരികമായ പ്രതികരണം പങ്കുവച്ചു.കോടതി വിധിയെ ഞാൻ പൂർണമായും ശിരസാവഹിക്കുന്നു. നിയമത്തിലുള്ള എന്റെ വിശ്വാസം ഇരട്ടിച്ചിരിക്കുകയാണ്. ഞാൻ അനുഭവിച്ച മാനസിക പീഡനങ്ങൾ കണക്കിലെടുത്ത് ആശ്വാസകരമായ ഉത്തരവിട്ട ഹൈക്കോടതിക്ക് നന്ദി അറിയിക്കുന്നു. മക്കൾ ഇപ്പോൾ മുതിർന്നവരാണ് അവരുടെ സുരക്ഷിതത്വവും ഭാവി ഓർത്തു മാത്രമാണ് ഈ ഉത്തരവ് പൂർണ മനസ്സോടെ സ്വീകരിക്കുന്നത്. ജീവിതത്തിൽ ഇനി പുതിയൊരു അധ്യായം ആരംഭിക്കുകയാണ്. ഞങ്ങളുടെ മക്കളെ ഓർത്ത് ഈ വിഷയത്തിൽ കൂടുതൽ മാധ്യമവിചാരണകൾ ഒഴിവാക്കണം.’’ ദുനിയ വിജയ് കുറിച്ചു. ഏറെക്കാലമായി തുടരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഈ ഉത്തരവ് ഉണ്ടായിരിക്കുന്നത്. മുൻപ് കുടുംബ കോടതി വിജയ്യുടെ വിവാഹമോചന ഹരജി തള്ളിയിരുന്നു. തുടർന്നാണ് വിജയ് ഹൈക്കോടതിയെ സമീപിച്ചത്. 2007-ൽ പുറത്തിറങ്ങി വൻ വിജയമായ ‘ദുനിയ’ എന്ന ചിത്രത്തിലൂടെയാണ് വിജയ് കന്നഡ സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ചത്. തെലുങ്കിൽ നന്ദമുരി ബാലകൃഷ്ണ നായകനായ ‘വീരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലും താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു.
ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; ഒടുവിൽ നടൻ ദുനിയ വിജയ്യ്ക്ക് വിവാഹമോചനം അനുവദിച്ച് കോടതി
