കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല: 21 വര്‍ഷം പഴക്കമുള്ള കേസില്‍ ശിക്ഷ റദ്ദാക്കി സുപ്രീം കോടതി

കുറ്റകൃത്യം നടന്ന സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 21 വര്‍ഷം പഴക്കമുള്ള കേസിലെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി.ഗുരുതരമായ അനീതിക്ക് കാരണമാകുന്ന ഇത്തരം പിഴവുകള്‍ തിരുത്താന്‍ മുന്‍വിധി പിന്‍വലിക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചു. ഇതിനായി ഹൈക്കോടതികള്‍ക്കുള്ള പ്രത്യേക അധികാരം ഉപയോഗപ്പെടുത്താനും കോടതി ആവശ്യപ്പെട്ടു.2004 സെപ്റ്റംബര്‍ 13-ന് മധ്യപ്രദേശിലെ മൊറേനയില്‍ ഭൂരി എന്ന സ്ത്രീയെയും കുഞ്ഞിനെയും റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കേസ്. കൊലപാതകം, സ്ത്രീധനപീഡനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസ് എടുക്കുകയായിരുന്നു. കേസിലെ പ്രതിയും ഭൂരിയുടെ ഭര്‍തൃസഹോദരനുമായ മഹാവീര്‍ ഉള്‍പ്പെടെയുള്ളവരെ കൊലപാതക, സ്ത്രീധനമരണ കുറ്റങ്ങളില്‍ നിന്ന് വിചാരണക്കോടതി വിട്ടയച്ചെങ്കിലും തെളിവ് നശിപ്പിച്ചതിന് മഹാവീറിന് മൂന്ന് വര്‍ഷത്തെ കഠിനതടവ് വിധിച്ചു.2017-ല്‍ ഹൈക്കോടതി ഈ ശിക്ഷ ശരിവെക്കുകയും, പിന്നീട് സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു. എന്നാല്‍, കുറ്റകൃത്യം നടന്ന സമയത്ത് തനിക്ക് 17 വയസ്സും രണ്ടു മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്ന് ചൂണ്ടിക്കാട്ടി മഹാവീര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും പുനഃപരിശോധന സാധ്യമല്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.തുടര്‍ന്ന് സ്‌കൂള്‍ രേഖകളും ജനന സര്‍ട്ടിഫിക്കറ്റും പരിശോധിച്ച മൊറേന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, സംഭവം നടക്കുമ്പോള്‍ മഹാവീറിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. സാങ്കേതികത്വം മാത്രം മുന്‍നിര്‍ത്തി ഒരാള്‍ ശിക്ഷിക്കപ്പെടാന്‍ ഇടയാകരുതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *