ലഖ്‌നൗ: സാമൂഹിക പ്രവര്‍ത്തകയ്‌ക്കെതിരേ ദേശീയ സുരക്ഷാ നിയമം (NSA) ചുമത്തി മാസങ്ങളോളം തടങ്കലില്‍ പാര്‍പ്പിച്ച നടപടി റദ്ദാക്കി അലഹബാദ് ഹൈക്കോടതി. കേസില്‍ സാമൂഹിക പ്രവര്‍ത്തകയ്ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തുക ഗൗതം ബുദ്ധ് നഗര്‍ ജില്ലാ മജിസ്ട്രേറ്റ് മേധാ രൂപത്തിന്റെ ശമ്പളത്തില്‍ നിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു.ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ അകൃതി ചൗധരിക്കെതിരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എന്‍എസ്എ പ്രകാരം തടങ്കല്‍ നടപടി സ്വീകരിച്ചത്. സര്‍ക്കാരിന്റെ കേസ് അടിസ്ഥാനരഹിതമായ ‘കെട്ടിച്ചമച്ച കഥയെ’ ആശ്രയിച്ചുള്ളതാണെന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചു.
നോയിഡയില്‍ ഏപ്രിലില്‍ നടന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ടാണ് അകൃതി ചൗധരിയെ ആദ്യം കസ്റ്റഡിയിലെടുത്തത്. വേതനവര്‍ധനയും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.സമരത്തിനിടെ കല്ലേറും തീവെപ്പും ഉണ്ടായതായി പോലിസ് ആരോപിച്ചു. തുടര്‍ന്ന് മെയ് 13-ന് അകൃതി ചൗധരിക്കും സാമൂഹിക പ്രവര്‍ത്തകനായ സത്യം വര്‍മ്മയ്ക്കുമെതിരെ ദേശീയ സുരക്ഷാ നിയമം (NSA) ചുമത്തുകയായിരുന്നു. ഇതോടെ സാധാരണ ക്രിമിനല്‍ കേസുകളില്‍ നിന്ന് വ്യത്യസ്തമായി, വിചാരണ കൂടാതെ ദീര്‍ഘകാലം തടങ്കലില്‍ പാര്‍പ്പിക്കാനുള്ള കടുത്ത നിയമനടപടിയിലേക്ക് കേസ് മാറി.
അകൃതിയുടെ തടങ്കലിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് അതുല്‍ ശ്രീധരന്‍, ജസ്റ്റിസ് അചല്‍ സച്ച്‌ദേവ എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിന്റെ നടപടികളെ സൂക്ഷ്മമായി പരിശോധിച്ചത്.പ്രതിഷേധക്കാരെ അക്രമത്തിന് പ്രേരിപ്പിച്ചതായി അകൃതിക്കെതിരെ ശക്തമായ വീഡിയോ, ഇലക്ട്രോണിക് തെളിവുകള്‍ ഉണ്ടെന്നായിരുന്നു പോലിസിന്റെ ആദ്യ വാദം. എന്നാല്‍ ഈ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അകൃതി പ്രതിഷേധക്കാരെ കല്ലെറിയാനോ പൊതുവാഹനങ്ങള്‍ക്ക് തീയിടാനോ പ്രേരിപ്പിക്കുന്നതായി തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.സാക്ഷിമൊഴികളെയാണ് സര്‍ക്കാര്‍ പ്രധാനമായും ആശ്രയിച്ചതെന്നും, എന്നാല്‍ ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ നേരിട്ടുള്ള ഇലക്ട്രോണിക് തെളിവുകള്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
