വ്യാജ വാണിജ്യ രജിസ്‌ട്രേഷനുകള്‍ നിര്‍മ്മിച്ച് വ്യാജ തൊഴില്‍ പെര്‍മിറ്റുകള്‍ സംഘടിപ്പിക്കുകയും കൈവശം വയ്ക്കുകയും ചെയ്ത കേസില്‍ ഏഴ് ഏഷ്യന്‍ സ്വദേശികള്‍ക്ക് ബഹ്‌റൈന്‍ ലോവര്‍ ക്രിമിനല്‍ കോടതി കടുത്ത ശിക്ഷ വിധിച്ചു.പ്രതികള്‍ക്ക് ആകെ 2,11,000 ബഹ്‌റൈനി ദിനാര്‍ (ഏകദേശം 4.6 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ ചുമത്തി. ജയില്‍ ശിക്ഷാ കാലാവധിയും പിഴത്തുക പൂര്‍ണ്ണമായി അടച്ചുതീര്‍ത്ത ശേഷവും പ്രതികളെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.നിലവിലില്ലാത്ത 64 വ്യാജ സ്ഥാപനങ്ങള്‍ കടലാസില്‍ സൃഷ്ടിച്ചാണ് സംഘം വന്‍ തട്ടിപ്പ് നടത്തിയത്. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍ എം ആര്‍ എ) നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേടുകള്‍ പുറത്തുവന്നത്. ഏഴ് പ്രതികളും ചേര്‍ന്ന് ഈ വ്യാജ സ്ഥാപനങ്ങളുടെ പേരില്‍ 211 വിസകള്‍ നിയമവിരുദ്ധമായി സംഘടിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.എല്‍ എം ആര്‍ എ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. രാജ്യത്തെ തൊഴില്‍ വിപണിയുടെ സുതാര്യത തകര്‍ക്കുന്നതും നിയമങ്ങള്‍ ലംഘിക്കുന്നതുമായ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
കടലാസ് കമ്പനികളുടെ പേരില്‍ വിസ കച്ചവടം; വന്‍ തട്ടിപ്പ് സംഘത്തിന് കടുത്ത ശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി
