ട്രംപിന്റെ ജന്മാവകാശ പൗരത്വ നീക്കത്തിന് വീണ്ടും തിരിച്ചടി; പുതിയ ഉത്തരവ് കോടതി തടഞ്ഞു

അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറല്‍ കോടതി തടഞ്ഞു.ജന്മാവകാശ പൗരത്വത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനാണ് കോടതി ഇടപെടലിലൂടെ തിരിച്ചടി നേരിട്ടത്.കുട്ടികളുടെ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ പൗരത്വ രേഖകളോ കുടിയേറ്റ പദവിയുമായി ബന്ധപ്പെട്ട വിവരങ്ങളോ സമർപ്പിക്കണമെന്നായിരുന്നു പുതിയ നിർദേശം. കുട്ടികളുടെ പാസ്‌പോർട്ട് നടപടികള്‍ക്കായി മാതാപിതാക്കളുടെ കുടിയേറ്റ പദവി രേഖകള്‍ ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്.അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന വിദേശികള്‍ക്ക് അവിടെ ജനിക്കുന്ന കുട്ടികള്‍ക്കും ചില വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്കും സ്വാഭാവികമായി പൗരത്വം ലഭിക്കുന്നത് നിയന്ത്രിക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് ആറിനാണ് പൗരത്വവുമായി ബന്ധപ്പെട്ട കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് ഒപ്പുവച്ചത്.മാതാപിതാക്കളില്‍ ഒരാള്‍ അമേരിക്കൻ പൗരനോ ഗ്രീൻ കാർഡ് ഉടമയോ ആയാല്‍ മാത്രമേ അമേരിക്കയില്‍ ജനിക്കുന്ന കുട്ടിക്ക് പൗരത്വം നല്‍കൂ എന്നതായിരുന്നു ട്രംപിന്റെ നേരത്തെയുള്ള നിർദേശം. എന്നാല്‍ ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്താനുള്ള ഈ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഇടപെട്ടിരുന്നു. പുതിയ ഉത്തരവ് ഫെഡറല്‍ കോടതി തടഞ്ഞതോടെ വിഷയത്തില്‍ നിയമപോരാട്ടം വീണ്ടും ശക്തമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *