കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ പകർപ്പ് പ്രതിക്ക് നൽകിയ നടപടിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഉദ്യോഗസ്ഥർക്ക് ‘രാജാവിനെക്കാൾ വലിയ രാജഭക്തി’യാണെന്ന് കോടതി വിമർശിച്ചു. കേസിലെ പ്രതിയായ ആർ. ചന്ദ്രശേഖരന് പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പുറത്തിറങ്ങിയ ദിവസം തന്നെ അതിന്റെ പകർപ്പ് ലഭിച്ചതിലും കോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ പകർപ്പ് പ്രതിക്ക് നൽകണമെന്ന് എവിടെയാണ് നിർദേശിച്ചിട്ടുള്ളതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിയെ പോലും അധിക്ഷേപിക്കുന്ന തരത്തിലാണ് സർക്കാർ ഉത്തരവിറക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനം നടത്തുന്നതിനായി പ്രതിക്ക് ആദ്യം തന്നെ ഉത്തരവിന്റെ പകർപ്പ് നൽകിയെന്ന സർക്കാർ വാദത്തെ തുടർന്നാണ് കോടതി കൂടുതൽ വിശദീകരണം തേടിയത്.ഉത്തരവിന്റെ പകർപ്പ് പ്രതിക്ക് ഏത് മാർഗത്തിലൂടെയാണ് കൈമാറിയതെന്നും കോടതി സർക്കാരിനോട് ചോദിച്ചു. തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ പകർപ്പ് നൽകിയതെന്ന് വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. പകർപ്പ് കൈമാറിയ രീതിയെക്കുറിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.അഴിമതി കേസിലെ മറ്റൊരു പ്രതിയായ കെ.എ. രതീഷ് വിവിധ ചുമതലകളിൽ തുടരുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സർക്കാരിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായത്.കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനാണ് പ്രധാന പ്രതികളിലൊരാൾ. അന്ന് വ്യവസായ വകുപ്പാണ് പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് പ്രതിക്ക് ലഭിച്ചതിന് പിന്നാലെ ചന്ദ്രശേഖരൻ നടത്തിയ വാർത്താസമ്മേളനത്തിൽ ഇതിന്റെ പകർപ്പ് ഉപയോഗിച്ച് വിശദീകരണങ്ങൾ നൽകിയിരുന്നു. ഇതാണ് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്.2006 മുതൽ 2015 വരെ കശുവണ്ടി ഇറക്കുമതി നടത്തിയതിൽ ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ ക്രമക്കേട് നടത്തിയെന്നും ഇതുവഴി കശുവണ്ടി വികസന കോർപ്പറേഷന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഖാദി ബോർഡ് സെക്രട്ടറിയായിരുന്ന കെ.എ. രതീഷ് ഒന്നാം പ്രതിയും ആർ. ചന്ദ്രശേഖരൻ മൂന്നാം പ്രതിയുമാണ്.
കശുവണ്ടി കോർപ്പറേഷൻ അഴിമതി: പ്രതിക്ക് പ്രോസിക്യൂഷൻ അനുമതി ഉത്തരവ് നൽകിയതിൽ സർക്കാരിനെതിരെ ഹൈക്കോടതി വിമർശനം
