മുംബൈ: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പൂതിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. ദിഷ സാലിയൻ മരിച്ച സാഹചര്യങ്ങളെക്കുറിച്ചും കേസിന്റെ എല്ലാ വശങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന് കൃത്യമായ തെളിവുകൾ ലഭിക്കുന്നത് വരെ ആരെയും പ്രതി ചേർക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. ദിഷ സാലിയന്റെ മരണം അന്വേഷിക്കുന്നതിൽ മുംബൈ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ശരിയായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്2020 ജൂൺ എട്ടിനാണ് മുംബൈയിലെ കെട്ടിട സമുച്ചയത്തിൽ നിന്ന് വീണ് ദിഷ സാലിയൻ മരിക്കുന്നത്. ദിഷ മരിച്ച് ആറ് ദിവസങ്ങൾക്ക് ശേഷം നടൻ സുശാന്ത് സിങ് രജ്പുതിനെയും മുംബൈ ബാന്ദ്രയിലെ പ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ദിഷയുടെ മരണത്തിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ അസ്വാഭാവിക മരണമായി കേസ് ഒതുക്കിത്തീർക്കാനാണ് മുംബൈ പൊലീസ് ശ്രമിച്ചതെന്നാണ് ആരോപണം. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പറഞ്ഞ കോടതി ദിഷയുടെ പിതാവ് സതീഷ് സാലിയന്റെ മൊഴി രേഖപ്പെടുത്താനും മുതിർന്ന സിബിഐ ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്താനും ഉത്തരവിട്ടു. ഒപ്പം മൽവാണി പൊലീസ് സ്റ്റേഷനിലെ കേസ് ഡയറികളും മറ്റ് രേഖകളും ഉടനടി സിബിഐക്ക് കൈമാറാനും നിർദേശിച്ചു..ദിഷയുടെ മരണത്തിൽ സ്വാധീനമുള്ള ചില വ്യക്തികൾക്കും ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് സതീഷ് സാലിയന്റെ അഭിഭാഷകൻ നിലേഷ് ഓജ കോടതിയെ അറിയിച്ചത്. ഇതിനുള്ള തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും നിലേഷ് ഓജ പറഞ്ഞു.കഴിഞ്ഞ തവണ കേസ് പരിഗണിച്ച ജസ്റ്റിസ് ഭാരതി ദാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ടെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുംബൈ പൊലീസിന്റെ നടപടികളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. കുടുംബം കൊലപാതകമാണെന്ന് ആവർത്തിച്ച് ആരോപിച്ചിട്ടും എന്തുകൊണ്ടാണ് എഫ്ഐആർ എടുക്കാത്തതെന്നായിരുന്നു കോടതിയുടെ ചോദ്യം..
ദിഷ സാലിയന്റെ ദുരൂഹമരണം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി
