മഹുവ മൊയ്ത്രയ്ക്ക് ഇടക്കാല പോലീസ് സംരക്ഷണം നൽകാൻ കൽക്കട്ട ഹൈക്കോടതി

തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്ക് സ്വന്തം മണ്ഡലത്തിൽ പ്രവേശിക്കുമ്പോൾ പോലീസ് സംരക്ഷണം നൽകാൻ പശ്ചിമ ബംഗാൾ പോലീസിന് കൽക്കട്ട ഹൈക്കോടതിയുടെ നിർദേശം. ജനക്കൂട്ടത്തിന്റെ നിരന്തരമായ അതിക്രമങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് അടുത്ത 30 ദിവസത്തേക്ക് മണ്ഡലം സന്ദർശിക്കുമ്പോഴെല്ലാം മഹുവയ്ക്ക് രണ്ട് പോലീസുകാരുടെ പ്രത്യേക സുരക്ഷ ഉറപ്പാക്കാൻ കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് സൗഗത ഭട്ടാചാര്യയാണ് ഈ സുപ്രധാന നിർദേശം പുറപ്പെടുവിപ്പിച്ചത്.”ഒരു എം.പി സ്വന്തം മണ്ഡലത്തിൽ പ്രവേശിക്കുമ്പോൾ മുട്ടയേറും മറ്റ് അതിക്രമങ്ങളും നേരിടേണ്ടി വരുന്നുവെങ്കിൽ, എതിർ പാർട്ടികളിൽ വിശ്വസിക്കുന്ന മറ്റ് രാഷ്ട്രീയ പ്രവർത്തകരുടെ അവസ്ഥ എന്താകും?” എന്ന് കോടതി ചോദിച്ചു. ഇത്തരം വിഷയങ്ങൾ സംസ്ഥാന സർക്കാർ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്നും, അല്ലാത്തപക്ഷം ക്രമസമാധാനം കൈവിട്ടുപോകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.മഹുവ മൊയ്ത്രയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജിയാണ് കോടതിയിൽ ഹാജരായത്. മണ്ഡലത്തിൽ സ്വതന്ത്രമായി സന്ദർശനം നടത്താൻ സാധിക്കാത്തതിനാൽ മഹുവയ്ക്ക് തന്റെ പാർലമെന്ററി ചുമതലകൾ നിർവഹിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.ആളുകൾ കല്ലും ഉരുളക്കിഴങ്ങും വലിച്ചെറിയുന്ന സാഹചര്യമാണുള്ളത്. സർക്യൂട്ട് ഹൗസിൽ അനുവദിച്ചിരുന്ന താമസസൗകര്യം രാത്രി 10:30-ന് അപ്രതീക്ഷിതമായി റദ്ദാക്കിയ സംഭവവും അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പുറത്ത് ബി.ജെ.പി പ്രവർത്തകർ തടിച്ചുകൂടിയ സമയത്ത് അവിടെ പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമസംഭവങ്ങൾ നടക്കുമ്പോൾ ഡി.ജി.പിയെ അടക്കം വാട്സ്ആപ്പ് വഴി വിവരമറിയിച്ചിട്ടും മൂന്ന് മണിക്കൂറിന് ശേഷമാണ് പോലീസ് എത്തിയതെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തി.അതേസമയം, പരാതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, എം.പി എന്ന നിലയിൽ മഹുവയ്ക്ക് നിലവിൽ സുരക്ഷയുണ്ടെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രാജ്ദീപ് മജുംദാർ കോടതിയെ അറിയിച്ചു. എന്നാൽ, ആവശ്യത്തിന് സുരക്ഷയുണ്ടെങ്കിൽ ഇത്തരം സംഭവങ്ങൾ എങ്ങനെ ഉണ്ടായി എന്ന് ചോദിച്ച കോടതി, നിലവിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെ രണ്ട് പോലീസുകാരെ കൂടി അധികമായി നിയോഗിക്കാൻ ഉത്തരവിടുകയായിരുന്നു.മണ്ഡലത്തിൽ സന്ദർശനം നടത്തുന്ന തിയതികൾ മഹുവ മൊയ്ത്ര പോലീസിനെ മുൻകൂട്ടി അറിയിക്കണമെന്നും, അതിനനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. 30 ദിവസത്തിന് ശേഷം സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കണം. ഒക്ടോബർ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *