കൈക്കൂലി കേസ്; ഇക്വഡോര്‍ മുൻ പ്രസിഡന്റ് ലെനിൻ മൊറേനോയ്ക്ക് അഞ്ച് വര്‍ഷം തടവ്, പൊതുപദവികള്‍ വഹിക്കുന്നതിനും വിലക്ക്

ഇക്വഡോർ മുൻ പ്രസിഡന്റ് ലെനിൻ മൊറേനോയെ കൈക്കൂലി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. 73-കാരനായ മൊറേനോയ്ക്ക് അഞ്ച് വർഷം തടവുശിക്ഷ വിധിച്ചതിന് പുറമെ ഭാവിയില്‍ രാജ്യത്ത് ഒരു പൊതുപദവിയും വഹിക്കരുതെന്നും കോടതി ഉത്തരവിട്ടു.രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ കൊക്ക കോഡോ സിൻക്ലെയർ പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് മൊറേനോക്കെതിരെ നടപടി. 2023 മാർച്ചിലാണ് ഇക്വഡോർ അറ്റോർണി ജനറലിന്റെ ഓഫീസ് അന്വേഷണം ആരംഭിച്ചത്. മൊറേനോയുടെ കുടുംബാംഗങ്ങള്‍ക്കും പ്രാദേശിക, ചൈനീസ് വ്യവസായ പങ്കാളികള്‍ക്കും ഉള്‍പ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ശൃംഖലയില്‍ പങ്കുണ്ടെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍.ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സിനോഹൈഡ്രോ കമ്പനി 2009 മുതല്‍ 2018 വരെ വ്യാജ കണ്‍സള്‍ട്ടൻസി കരാറുകള്‍ വഴി ഏകദേശം 76.1 മില്യണ്‍ ഡോളർ കൈക്കൂലിയായി നല്‍കിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. വിദേശ ബാങ്ക് അക്കൗണ്ടുകളും നികുതി സ്വർഗങ്ങളിലുള്ള ഷെല്‍ കമ്പനികളും വഴി പണം കൈമാറിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മൊറേനോയും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവർക്ക് ഒരു മില്യണ്‍ ഡോളറിലധികം ലഭിച്ചതായും പ്രോസിക്യൂഷൻ വാദിച്ചു. കേസില്‍ മൊറേനോയുടെ ഭാര്യയും മകളും രണ്ട് സഹോദരന്മാരും അവരുടെ ഭാര്യമാരും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കും ശിക്ഷ വിധിച്ചു. ഇവർക്ക് രണ്ടര വർഷം വീതമാണ് തടവ്. ക്വിറ്റോയിലെ മുൻ ചൈനീസ് അംബാസഡർ കായ് റുങ്ഗുവോയ്ക്കും അഞ്ച് വർഷം തടവ് വിധിച്ചിട്ടുണ്ട്.പൊതുപ്രവർത്തകനെന്ന നിലയില്‍ കൈക്കൂലി വാങ്ങിയെന്ന കുറ്റം മൊറേനോയുടെ പ്രവൃത്തികളില്‍ തെളിഞ്ഞതായി വിധി പ്രസ്താവിക്കവെ ട്രിബ്യൂണല്‍ അധ്യക്ഷൻ ജഡ്ജി മാനുവല്‍ കബ്രേര വ്യക്തമാക്കി. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ മൊറേനോ തുടർച്ചയായി നിഷേധിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ഒപ്പുവെക്കുകയോ മേല്‍നോട്ടം വഹിക്കുകയോ ചെയ്തിട്ടില്ലെന്നും യഥാർഥ ഉത്തരവാദികളെ കണ്ടെത്താനാണ് അന്വേഷണം നടക്കേണ്ടതെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.2017 മുതല്‍ 2021 വരെ ഇക്വഡോർ പ്രസിഡന്റായിരുന്ന മൊറേനോ, വിചാരണ നേരിടുന്നതിനായി പരാഗ്വേയില്‍ നിന്ന് ഇക്വഡോറിലേക്ക് മടങ്ങിയെത്തിയിരുന്നു. 2007 മുതല്‍ 2013 വരെ രാജ്യത്തിന്റെ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *