ആചാരത്തിന്റെ പേരിൽ മുടി വളർത്തുന്ന തടവുകാരെ മുണ്ഡനത്തിനു നിർബന്ധിക്കരുത് -മദ്രാസ് ഹൈക്കോടതി

ചെന്നൈ: മതപരമായ ആചാരങ്ങളുടെ പേരിൽ മുടിവളർത്തുന്ന തടവുകാരുടെ തല മുണ്ഡനം ചെയ്യാൻ നിർബന്ധിക്കരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. മതവിശ്വാസത്തിന്റെ പേരിൽ മുടി വളർത്തിയ മകനെ ജയിലുദ്യോഗസ്ഥർ മുണ്ഡനം ചെയ്യാനും മീശ വടിക്കാനും നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി തിരുനെൽവേലി സ്വദേശിയായ ബേബി കമലം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.തമിഴ്നാട് ജയിൽനിയമങ്ങൾ അനുസരിച്ച് ജയിലിൽ ശുചിത്വം പാലിക്കുന്നതിനായി തടവുകാർ മുടിയും നഖവും വെട്ടേണ്ടതുണ്ട്. എന്നാൽ, ആചാരങ്ങളുടെപേരിൽ മുടി വളർത്തുന്ന തടവുകാരനെ മുടിമുറിക്കാൻ നിർബന്ധിക്കരുത്. മുടിവളർത്തുന്നത് അയാൾക്കും മറ്റു തടവുകാർക്കും പ്രശ്നമാകുന്നില്ലെങ്കിൽ പ്രത്യേകിച്ചും -ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്ര, ജസ്റ്റിസ് പി. മുരുകേശൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.ബേബി കമലത്തിന്റെ മകൻ ജെയിംസ് പാളയംകോട്ട സെൻട്രൽ ജയിലിലാണ്. ഇയാൾ മതവിശ്വാസത്തിന്റെപേരിൽ മുടി വളർത്തിയതാണ് പ്രശ്നമുണ്ടാക്കിയത്. ജയിലധികൃതർ മുടി മുറിക്കാനും മീശ വടിക്കാനും നിരന്തരം നിർബന്ധിച്ചതിനെത്തുടർന്നാണ് അമ്മ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *