ഇഡി വാഹനം ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരുടെ ജാമ്യ അപേക്ഷയില്‍ ഉത്തരവ് ഇന്ന്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് സിപിഎം , ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ജാമ്യ അപേക്ഷയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് ഉത്തരവ് പറയും.വധശ്രമക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം. റെയ്ഡ് കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് വാഹനം തടഞ്ഞത്. ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതിനിടെ ആയിരുന്നില്ലെന്നും പ്രതികള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 25 പേരാണ് ഇതുവരെയും അറസ്റ്റില്‍ ആയിട്ടുള്ളത്. ഇന്നലെ അറസ്റ്റിലായ ആറ്റുകാല്‍ ഉണ്ണി ഉള്‍പ്പെടെയുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.അതേസമയം, കേസിൻ്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നു. ഉദ്യോഗസ്ഥരെ ചുടുകട്ട കൊണ്ട് ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഷ്ടികയും കല്ലും കമ്പും ഉപയോഗിച്ച്‌ ആക്രമിച്ചു. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. പ്രതികള്‍ പുറത്തിറങ്ങിയാല്‍ അക്രമ പരമ്പരയ്ക്ക് സാധ്യതയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.കേസില്‍ അറസ്റ്റിലായ 11 പ്രതികളെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അഞ്ച് പ്രതികള്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ രണ്ട് എഫ്‌ഐആറുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ആസൂത്രിതമായ ഗൂഢാലോചന ആക്രമത്തിന് പിന്നില്‍ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ മൊഴി. ആക്രമണത്തില്‍ പങ്കെടുത്ത മുന്‍ കൗണ്‍സിലര്‍ ഐ.പി ബിനു ഇന്നലെ വൈകീട്ടോടെ പൊലീസില്‍ കീഴടങ്ങിിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *