പിതാവിന്റെ ജോലിസമയം പരിഗണിച്ചില്ല; സന്ദർശനാനുമതി ഉത്തരവിൽ ഭേദഗതി വരുത്തി ദുബായ് കോടതി

ദുബായ്∙ കുട്ടികളെ കാണുന്നതിനും അവർക്കൊപ്പം സമയം ചെലവഴിക്കുന്നതിനും രക്ഷിതാക്കൾക്കുള്ള അവകാശം പ്രായോഗികമായി നടപ്പിലാക്കാൻ സാധിക്കുന്നതാകണമെന്ന് ദുബായ് കോടതി. പിതാവിന്റെ വെള്ളിയാഴ്ചകളിലെ ജോലിസമയം കണക്കിലെടുക്കാതെ പുറപ്പെടുവിച്ച സന്ദർശനാനുമതി ഉത്തരവ്, കുട്ടിയുടെ ക്ഷേമവും പിതാവിന്റെ അവകാശവും മുൻനിർത്തി ദുബായ് കസേഷൻ കോടതി ഭേദഗതി ചെയ്തു.കുട്ടിയുടെ സംരക്ഷണാവകാശമില്ലാത്ത രക്ഷിതാവിന് അനുവദിക്കുന്ന സന്ദർശന സമയം അവരുടെ ഔദ്യോഗിക ജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ കൂടി പരിഗണിച്ചുള്ളതാകണമെന്ന് കോടതി നിരീക്ഷിച്ചു. വേർപിരിഞ്ഞ ഭാര്യയോടൊപ്പമുള്ള തന്റെ മകനെ കാണുന്നതിനും സ്കൂൾ കാര്യങ്ങളിൽ ഇടപെടുന്നതിനും അനുമതി തേടി പിതാവ് സമർപ്പിച്ച ഹർജിയിലാണ് സുപ്രധാന വിധി. ശനി, ഞായർ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 8 വരെ കുട്ടിയെ പുറത്തുകൊണ്ടുപോകാൻ നേരത്തെ കീഴ്ക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ അപ്പീൽ കോടതി ഇതിൽ മാറ്റം വരുത്തുകയും ഒരു ദിവസം വെള്ളിയാഴ്ചയാക്കി നിശ്ചയിക്കുകയും ചെയ്തു.പിതാവ് വെള്ളിയാഴ്ചകളിൽ വൈകിട്ട് 5 വരെ ജോലിയിലുണ്ടാകുമെന്ന വസ്തുത അപ്പീൽ കോടതി പരിഗണിച്ചില്ലെന്ന് കസേഷൻ കോടതി കണ്ടെത്തി. ഇത് പിതാവിന് കുട്ടിക്കൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാനുള്ള അവസരം ഇല്ലാതാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവുകൾ പ്രായോഗികമായി നടപ്പിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് രക്ഷിതാക്കളുടെ നിയമപരമായ അവകാശങ്ങളെ ബാധിക്കുമെന്നും ജഡ്ജിമാർ നിരീക്ഷിച്ചു.കുട്ടിയുടെ പഠനത്തെയോ ദിനചര്യകളെയോ ബാധിക്കാത്ത രീതിയിലായിരിക്കണം സന്ദർശന സമയം ക്രമീകരിക്കേണ്ടത്. ശനി, ഞായർ ദിവസങ്ങളിൽ പിതാവിന് അനുമതി നൽകുന്നത് അമ്മയ്ക്ക് കുട്ടിക്കൊപ്പം സമയം ചെലവഴിക്കാനുള്ള അവകാശത്തെ ബാധിക്കും. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 8 വരെയാക്കി കോടതി സമയം പുനഃക്രമീകരിച്ചു. കുട്ടിയുടെ താൽപര്യങ്ങൾക്കും വൈകാരിക സ്ഥിരതയ്ക്കും മുൻഗണന നൽകിക്കൊണ്ടുള്ള പ്രായോഗിക സമീപനമാണ് യുഎഇ കോടതികൾ സ്വീകരിക്കുന്നതെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *