മുട്ടില്‍ മരം മുറി കേസ്: മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: മുട്ടില്‍ മരം മുറി കേസിലെ മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്രതിയായ റോജി അഗസ്റ്റിന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ അനുകൂല നടപടി.നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാനാണ് സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നത്.എന്നാല്‍ പുനപരിശോധന ഹരജിയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ തുടര്‍ നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കിക്കൊണ്ട് 2020 ഒക്ടോബറില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന്റെ മറവില്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈട്ടിമരങ്ങള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രതികള്‍ മുറിച്ചുകടത്തുകയായിരുന്നു എന്നാണ് കേസ്. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. ഇവരെക്കൂടാതെ റവന്യൂ, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്.2023 ഡിസംബറോടെ പൊലീസ് പ്രത്യേക അന്വേഷണ സംഘം പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രധാന പ്രതികള്‍ ഉള്‍പ്പെടുന്ന 36 കേസുകളിലായി 85,000 പേജുള്ള കുറ്റപത്രമാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.റവന്യു വകുപ്പില്‍ നിന്ന് ഇറക്കിയ വിവാദ ഉത്തരവിന്റെ മറപിടിച്ച്, ആദിവാസികളായ ഭൂവുടമകളെ കബളിപ്പിച്ചു സര്‍ക്കാരിലേക്കു നിക്ഷിപ്തമാക്കിയ മരങ്ങള്‍ മുറിച്ച കേസുകളിലാണ് ഡിവൈഎസ്പി വിവിബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം 4 വര്‍ഷം കൊണ്ടു കുറ്റപത്ര സമര്‍പ്പണം പൂര്‍ത്തിയാക്കിയത്. 4 കോടി രൂപ വിലയുള്ള മരങ്ങള്‍ ഭൂവുടമകള്‍ക്കു വെറും 14 ലക്ഷം രൂപ നല്‍കിയാണു മുറിച്ചിരിക്കുന്നതെന്ന് അന്വേഷണ സംഘം ഇതില്‍ വ്യക്തമാക്കുന്നുണ്ട്.മുട്ടില്‍ കേസുകളില്‍ മാത്രം മൊത്തം 14 കോടി രൂപയാണ് സര്‍ക്കാരിന്റെ നഷ്ടം കണക്കാക്കുന്നത്. ഇതേ ഉത്തരവിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ തേക്ക്, ഈട്ടി മരങ്ങള്‍ മുറിച്ചു കടത്തിയിട്ടുണ്ട്. തൃശൂര്‍ കേരള വനം ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ മുറിച്ചുമാറ്റിയവ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളാണെന്ന് സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *