ഇടപെടാൻ പരിമിതി’, അധികാരം ഇലക്ഷൻ കമ്മീഷന്; മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ അതിൽ ഇടപെടാൻ കോടതികൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി മീനാക്ഷിയുടെ ഹർജി തള്ളിയത്.നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം പരാതികളിൽ ചിലർക്ക് മാത്രമായി ഇളവ് നൽകാൻ കഴിയില്ലെന്നും, തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം തിരഞ്ഞെടുപ്പ് ഹർജികളിലൂടെ മാത്രമേ പരിഹാരം തേടാൻ സാധിക്കൂ എന്നും കോടതി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പത്രിക തള്ളിയാൽ അതിനുള്ള പരിഹാരം തേടേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെയാണെന്ന് കോടതി വ്യക്തമാക്കി.നാമനിർദ്ദേശ പത്രിക തള്ളിയ കേസിൽ സുപ്രീം കോടതി ഇതുവരെ ഇടപെട്ട ഏതെങ്കിലും ഒരു സാഹചര്യം ചൂണ്ടിക്കാണിക്കാൻ മീനാക്ഷിയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ഇത്തരം പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷനാണ് കൈകാര്യം ചെയ്യേണ്ടതെന്നാണ് കോടതി വ്യക്തമാക്കിയത്.നിലവിലുള്ള ക്രിമിനൽ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്നാരോപിച്ചാണ് വരണാധികാരി മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. മീനാക്ഷിക്ക്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംങ്‌വി കോടതിയിൽ ശക്തമായി വാദിച്ചു. ബന്ധപ്പെട്ട ക്രിമിനൽ കേസിൽ കുറ്റം ചുമത്തിയിട്ടില്ലാത്തതിനാൽ, ജനപ്രാതിനിധ്യ നിയമപ്രകാരം അത് വെളിപ്പെടുത്തേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനല്ല, മറിച്ച് സുതാര്യമായ ഒരു തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് തങ്ങൾ കോടതിയെ സമീപിച്ചതെന്ന് മീനാക്ഷിക്ക്‌ വേണ്ടി ഹാജരായ സിംങ്‌വി വാദിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് നടപടികളിലെ ജുഡീഷ്യൽ ഇടപെടൽ തടയുന്ന പൊന്നുസ്വാമി വിധിയിലെ തത്വങ്ങൾ ഉയർത്തിപ്പിടിച്ചാണ് കോടതി ഹർജി തള്ളിയത്.പത്രിക തള്ളിയതിനെതിരെ ജൂൺ 10-ന് മീനാക്ഷി നടരാജൻ തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ട് തന്റെ വാദങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും കമ്മീഷന്റെ ഭാഗത്തുനിന്നും അനുകൂലമായ ഉത്തരവുകൾ ഒന്നും ഉണ്ടായില്ലെന്ന് കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം ബന്ധപ്പെട്ട ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി നൽകാൻ മീനാക്ഷി നടരാജന് സാധിക്കുമെന്ന് കോടതി വ്യക്തമാക്കി. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കായിരുന്നു മീനാക്ഷി നടരാജൻ മത്സരിക്കാനിരുന്നത്. പത്രിക തള്ളപ്പെട്ടതോടെ സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *