നിതിൻ രാജിന്റെ മരണം; ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍, ഒന്നാം പ്രതി അധ്യാപകന്‍ ഡോ. എം.കെ റാമിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ആത്മഹത്യാ പ്രേരണാ കുറ്റത്തിനുപുറമെ, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പും റാമിനെതിരെ ചുമത്തിയിട്ടുണ്ട്.തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം നഷേധിച്ചതിനെ തുടര്‍ന്നാണ് റാം ഹൈക്കോടതിയെ സമീപിച്ചത്. ജാതി അധിക്ഷപം എന്ന വകുപ്പ് ഒഴിവാക്കാന്‍ ഡോക്ടര്‍ റാം പട്ടികജാതിക്കാരനാണെന്ന രേഖ വിചാരണക്കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കര്‍ണാടക സ്വദേശിയായ റാം പിന്നാക്ക വിഭാഗക്കാരനാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. റാമിന്റേത് ഗുരുതര കുറ്റകൃത്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍ മനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.തിരുവനന്തപുരം ഉഴമലക്കൽ സ്വദേശിയായ നിതിനെ ഏപ്രിൽ 10നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിതിൻ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ നിതിന്റെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി പിന്നീട് കുടുംബം രംഗത്തെത്തുകയായിരുന്നു. അധ്യാപകരിൽ നിന്ന് കടുത്ത ജാതി അധിക്ഷേപമായിരുന്നു നിതിൻ നേരിട്ടതെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് നടന്ന വ്യാപക പ്രതിഷേധങ്ങൾക്കു പിന്നാലെ ഡോ. റാമിനെ കോളേജ് മാനേജ്‌മെന്റ് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *