ദശാബ്ദങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍, 34 വർഷം പഴക്കമുള്ള വധശ്രമക്കേസില്‍ 85 വയസുകാരന് മൂന്ന് വർഷത്തെ കഠിനതടവ് വിധിച്ച് ബിഹാർ കോടതി.ബിഹാറിലെ വൈശാലി ജില്ലാ അഡീഷണല്‍ സെഷൻസ് ജഡ്ജ് മനോജ് കുമാർ തിവാരിയാണ് പ്രതിയായ ദീപ് റായിക്ക് ശിക്ഷ വിധിച്ചത്. എന്നാല്‍, വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പരിഗണിച്ച് കോടതി ഇയാള്‍ക്ക് താല്‍ക്കാലിക ജാമ്യം അനുവദിച്ചിട്ടുണ്ട്.കേസിലെ മറ്റ് നാല് പ്രതികള്‍ക്ക് കോടതി 10 വർഷം വീതം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ലോകേശ്വർ റായ് (62), നരേഷ് റായ് (60), ഉദകേഷ്വർ റായ് (59), ജഗദീഷ് റായ് (50) എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികള്‍.1992 ഡിസംബർ 10-ന് ബിഹാറിലെ രാഘവോപൂർ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊതുവഴിയിലെ കുപ്പിച്ചില്ലുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വലിയ അക്രമത്തില്‍ കലാശിച്ചത്. തർക്കത്തിനിടയില്‍ പ്രതികള്‍ തോക്കുകളും നാടൻ പിസ്റ്റളുകളുമായി എത്തി ഗ്രാമവാസികള്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തില്‍ സ്ത്രീ അടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാടൻ തോക്കുകളില്‍ നിന്നുള്ള പെല്ലറ്റുകളും ബുള്ളറ്റുകളും ഏറ്റാണ് ഇവർക്ക് മുറിവുകളുണ്ടായതെന്ന് മെഡിക്കല്‍ റിപ്പോർട്ടിലുണ്ടായിരുന്നു. അന്ന് 51 വയസ്സുകാരനായിരുന്ന ദീപ് റായ് ആണ് വെടിവെയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് കോടതി കണ്ടെത്തി.ദീർഘകാലം നീണ്ടുപോയ വിചാരണയ്ക്കൊടുവിലാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്. കേസിന്റെ വിചാരണ നടക്കവേ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ട് പേർ മരണപ്പെട്ടിരുന്നു.”പ്രതിയായ ദീപ് റായിക്ക് 85 വയസ്സായിരിക്കുന്നു, ശാരീരികമായി അദ്ദേഹം തികച്ചും അശക്തനാണ്. ജയിലിലെ കഠിനമായ സാഹചര്യം അതിജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെന്ന് വരില്ല. എങ്കിലും കുറ്റകൃത്യത്തിന് ശിക്ഷ നല്‍കേണ്ടത് അനിവാര്യമായതിനാല്‍ മാനുഷിക പരിഗണന മുൻനിർത്തിയാണ് കുറഞ്ഞ ശിക്ഷ വിധിക്കുന്നതെന്ന് ജഡ്ജി മനോജ് കുമാർ തിവാരി പറഞ്ഞു.ദീപ് റായിക്കും മറ്റുള്ളവർക്കുമെതിരെ 1993ലായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. വിചാരണയിലുണ്ടായ വലിയ താമസം കാരണം 2011-ലാണ് പ്രതികള്‍ക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തിയത്. ഐപിസി സെക്ഷൻ 147 (ലഹള ഉണ്ടാക്കല്‍), 149 (നിയമവിരുദ്ധമായി ഒത്തുചേരല്‍), 148 (മാരകായുധങ്ങളുമായി ലഹളയുണ്ടാക്കല്‍), 307 (വധശ്രമം), അംസ് ആക്‌ട് സെക്ഷൻ 27 എന്നിവ പ്രകാരമാണ് കുറ്റങ്ങള്‍ ചുമത്തിയത്. ഈ കേസില്‍ 10 സാക്ഷികളുടെ മൊഴികളും പ്രൊസിക്യൂഷൻ ഹാജരാക്കിയിരുന്നു.കേസിന്റെ വിചാരണ നീണ്ടുപോയത് തന്നെ പ്രതികള്‍ക്കുള്ള ഒരു ശിക്ഷയായി മാറിയെന്നും, അതുകൊണ്ട് പരമാവധി ശിക്ഷ നല്‍കുന്നത് ന്യായമല്ലെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് വർഷം മാത്രം തടവ് ലഭിച്ചതിനാലും നിലവില്‍ ജാമ്യത്തിലായിരുന്നതിനാലും, ഉയർന്ന കോടതിയില്‍ അപ്പീല്‍ നല്‍കാനായി ദീപ് റായിക്ക് താല്‍ക്കാലിക ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ മറ്റ് പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ 10 വർഷം തടവ് തന്നെ കോടതി വിധിച്ചു.
കുപ്പിച്ചില്ലുകള്‍ മാറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം,ഗ്രാമവാസികള്‍ക്ക് നേരെ വെടിവെപ്പ്; 34 വര്‍ഷം പഴക്കമുള്ള കേസില്‍ 85കാരന് മൂന്ന് വര്‍ഷം തടവ് ശിക്ഷ
