ന്യൂഡൽഹി :ഭർത്താവുമായുള്ള വിവാഹതർക്കകേസുകൾ ജയിക്കാൻ, കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന വ്യാജആരോപണം ഉന്നയിക്കുന്ന പ്രവണത കൂടി വരുകയാണെന്നു സുപ്രീം കോടതി. വിവാഹമോചന കേസുകളിൽ ഏറ്റവും നികൃഷ്ടവശമാണിതെന്ന വിമർശനവും കോടതി ഉന്നയിച്ചു. ‘പോക്സോ’ കേസുകളുടെ ഈ ദുരുപയോഗം നിരപരാധികൾ ശിക്ഷിക്കപ്പെടുന്നതിനും കേസിന്റെ ബാഹുല്യത്തിനും കാരണമാകുന്നതായും ജഡ്ജിമാരായ ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.പ്രായപൂർത്തിയാകാത്ത കുട്ടികളുടെ, വിശേഷിച്ചു പെൺമക്കളുടെ പിതാക്കന്മാരായ ഭർത്താക്കന്മാർക്കെതിരെ വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കപ്പെടുന്നുണ്ടെന്നാണു കോടതിയുടെ നിരീക്ഷണം. കേസിനു ബലം കിട്ടാനും സാമ്പത്തിക നേട്ടമുണ്ടാക്കാനും എതിർകക്ഷിയെ പരമാവധി ഉപദ്രവിക്കുന്നതിനുമുള്ള ഉപാധിയായി ഇതു മാറ്റുന്നു.
ഭർത്താവിനെ പോക്സോ കേസിൽ കുടുക്കാൻ കുട്ടികളെ കരുവാക്കുന്നു: സുപ്രീം കോടതി
