‘പൊളിറ്റിക്കല്‍ ക്രിമിനല്‍’ എന്ന് വിളിച്ച്‌ അധിക്ഷേപിച്ചു; ജി. സുധാകരന് സിപിഎം നേതാവിന്റെ വക്കീല്‍ നോട്ടീസ്

അമ്പലപ്പുഴ എംഎല്‍എയും മുതിർന്ന നേതാവുമായ ജി.സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയച്ച്‌ സിപിഎം നേതാവ്.മാധ്യമങ്ങളിലൂടെ തനിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങള്‍ നടത്തിയെന്നും ‘പൊളിറ്റിക്കല്‍ ക്രിമിനല്‍’ എന്ന് വിളിച്ച്‌ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ആലപ്പുഴ ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റും നഗരസഭയിലെ എല്‍ഡിഎഫ് കക്ഷി നേതാവുമായ വി.ജി വിഷ്ണുവാണ് ജി.സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.മാധ്യമങ്ങളിലൂടെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങള്‍ക്ക് 70 ലക്ഷം രൂപ മാനനഷ്ടം നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസിലെ പ്രധാന ആവശ്യം. പരസ്യമായി നടത്തിയ ഈ അധിക്ഷേപ പ്രസ്താവനകള്‍ പിൻവലിക്കാൻ തയ്യാറാകണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്താവന പിൻവലിക്കാൻ തയ്യാറായില്ലെങ്കില്‍ ജി.സുധാകരനെതിരെ തുടർ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വി.ജി വിഷ്ണു അയച്ച വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.ആലപ്പുഴയിലെ സിപിഎം നേതാക്കളുമായി സുധാകരൻ തുടരുന്ന വാക്പോരുകളുടെ തുടർച്ചയാണ് ഈ നിയമനടപടി. ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റും ഒളിമ്പിക്സ് അസോസിയേഷൻ ഭാരവാഹിയുമായ വി.ജി വിഷ്ണുവിനെതിരെ, അടുത്ത കാലത്തായി മാധ്യമങ്ങളിലൂടെ ജി. സുധാകരൻ രൂക്ഷമായ വിമർശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിഷ്ണുവിനെ ‘പൊളിറ്റിക്കല്‍ ക്രിമിനല്‍’ എന്ന് വിശേഷിപ്പിച്ചതാണ് ഇപ്പോള്‍ മാനനഷ്ടക്കേസിലേക്കും വക്കീല്‍ നോട്ടീസിലേക്കും നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *