കാഫിര്‍ സ്ക്രീൻഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണന്‍റെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്.വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമുയർത്തിയ ഒന്നായിരുന്നു കാഫിർ സ്ക്രീൻഷോട്ട് കേസ്. റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.കേസില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ താൻ പ്രതിചേർക്കപ്പെട്ടേക്കുമെന്ന നിഗമനത്തിലാണ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍ റിബേഷിന് മുൻകൂർ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷൻ കോടതിയില്‍ ശക്തമായി എതിർത്തു. വ്യാജ കാഫിർ സ്ക്രീൻഷോട്ട് നിർമിച്ച്‌ ആദ്യം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചവരില്‍ പ്രധാനിയാണ് റിബേഷ് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.കേസിന്റെ അന്വേഷണം നിർണായകമായ ഘട്ടത്തില്‍ നില്‍ക്കെ, ആരോപണവിധേയന് മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെളിവുനശീകരണത്തിനും അന്വേഷണത്തെ ബാധിക്കുന്നതിനും കാരണമാകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ പൂർത്തിയായ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് അന്തിമ വിധി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *