ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന വിദ്യര്‍ഥി നേതാവ് ഉമര്‍ ഖാലിദ് നല്കിയ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലിസിന് ഹൈക്കോടതി നോട്ടിസ്. ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, വികാസ് മഹാജന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ജാമ്യ ഹർജി പരിഗണിച്ചത്.തടങ്കല്‍ നീണ്ടുപോകുന്നതും വിചാരണ വൈകുന്നതുമായ സാഹചര്യങ്ങളില്‍ യു.എ.പി.എ നിയമപ്രകാരമുള്ള കര്‍ശന ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്കിയ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉമര്‍ ഖാലിദ് ഇടക്കാല ജാമ്യം തേടിയത്. രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് ഡല്‍ഹി പൊലിസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുഖ്യ അപ്പീലിലും ഇടക്കാല ജാമ്യാപേക്ഷയിലും കോടതി നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്ഉമര് ഖാലിദിന് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ചത്തെ സമയവും അനുവദിച്ചിട്ടുണ്ട്. സമാനമായ കേസില്‍ ഷര്‍ജീല്‍ ഇമാമിന്റെ അപ്പീലിനൊപ്പം ആഗസ്റ്റ് 27ലേക്ക് പരിഗണിക്കാന്‍ മാറ്റിവെച്ചിരിക്കുകയാണ് കേസ്. എന്‍.ഐ.എ നിയമത്തിലെ സെക്ഷന്‍ 21 പ്രകാരമാണ് ഈ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുള്ളത്. ഡല്‍ഹി പൊലിസിന്റെ സ്പെഷ്യല്‍ സെല്‍ ആണ് കേസ് അന്വേഷിക്കുന്നത്. ഐ.പി.സി, യു.എ.പി.എ. വകുപ്പുകളാണ് കേസില്‍ ഉമര്‍ ഖാലിദിനെതിരെ ചുമത്തിയത്.യു.എ.പി.എ. കേസുകളില്‍ ജാമ്യം നല്‍കുന്നത് സംബന്ധിച്ച നിയമപ്രശ്നം സുപ്രിം കോടതി വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരിക്കുകയാണ്. അതിനാല്‍, തീരുമാനം വരുന്നതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഉമര്‍ ഖാലിദിനായി ഹാജരായ സീനിയര്‍ അഭിഭാഷകന് ത്രിദീപ് പൈസ് കോടതിയില്‍ വാദിച്ചു. ഗുല്‍ഫിഷ ഫാത്തിമ കേസിലെ വിധി സുപ്രിം കോടതി വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരിക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജൂലൈ 4-ന് വിചാരണക്കോടതി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നത്. ഈ ഉത്തരവാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.
ഉമര്‍ ഖാലിദിന്റെ ജാമ്യ ഹർജിയില്‍ ഡല്‍ഹി പൊലിസിന് ഹൈക്കോടതി നോട്ടിസ്
