മരിച്ച ഭര്‍ത്താവിന്റെ ശീതീകരിച്ച ബീജം ഉപയോഗിച്ച് ഗര്‍ഭധാരണത്തിന് അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: മരിച്ച ഭര്‍ത്താവിന്റെ ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ബീജം ഉപയോഗിച്ച് കൃത്രിമ ഗര്‍ഭധാരണം നടത്താന്‍ ഭാര്യക്ക് കേരള ഹൈക്കോടതി അനുമതി നല്‍കി. അമ്മയാകാനുള്ള യുവതിയുടെ ആഗ്രഹത്തെ സ്വാഭാവികമായും അംഗീകരിക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്. വന്ധ്യതാ ചികിത്സയുടെ ഭാഗമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ബീജം കൈമാറാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ ചെറിയനാട് സ്വദേശിനിയായ 43കാരി സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഈ സുപ്രധാന വിധി.വന്ധ്യതാ ചികിത്സയുമായി ദമ്പതികള്‍ മുന്നോട്ടുപോകുന്നതിനിടെ 2021 മാര്‍ച്ചിലായിരുന്നു ഹരജിക്കാരിയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. തുടര്‍ന്ന്, ശീതീകരിച്ചു സൂക്ഷിച്ചിരുന്ന ബീജം ഉപയോഗിച്ച് കൃത്രിമ ഗര്‍ഭധാരണം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ചികിത്സ നടത്തിയിരുന്ന ആശുപത്രിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, മരണശേഷം ബീജം ഉപയോഗിക്കുന്നതിന് ഭര്‍ത്താവിന്റെ രേഖാമൂലമുള്ള അനുമതി പത്രമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ ഈ ആവശ്യം നിരസിച്ചു. തുടര്‍ന്നാണ് യുവതി നീതി തേടി ഹൈകോടതിയെ സമീപിച്ചത്. മരണശേഷവും ബീജം ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് 2012-ലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്ന വാദമടക്കം ഹരജിക്കാരി കോടതിയില്‍ ഉന്നയിച്ചിരുന്നു.ഭര്‍ത്താവിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ മരണശേഷം ബീജം ഉപയോഗിക്കാന്‍ അനുവദിക്കുന്നത് നിയമപരവും ധാര്‍മികവുമായ സങ്കീര്‍ണതകള്‍ക്കും, ഭാവിയില്‍ സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും കാരണമാകുമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. എന്നാല്‍, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (റഗുലേഷന്‍) ആക്ട് പ്രകാരം ഭര്‍ത്താവിന്റെ അനുമതിയില്ലാത്തതിന്റെ പേരില്‍ മാത്രം ഇത്തരമൊരു ആവശ്യത്തിനുള്ള അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.ചികിത്സാ സമയത്ത് ദമ്പതികള്‍ പൂരിപ്പിച്ചു നല്‍കേണ്ട നിശ്ചിത സമ്മതപത്രം വാങ്ങുന്നതില്‍ ആശുപത്രി അധികൃതര്‍ക്കാണ് വീഴ്ച സംഭവിച്ചതെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയുടെ വീഴ്ച കാരണം യുവതിയുടെ മാതൃത്വമെന്ന അവകാശം തടയപ്പെടരുതെന്ന് വ്യക്തമാക്കിയ കോടതി, ശീതീകരിച്ച ബീജം കൃത്രിമ ഗര്‍ഭധാരണത്തിനായി വിട്ടുനല്‍കാനും അപേക്ഷ അനുവദിക്കാനും ആശുപത്രി അധികൃതര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *