അപകീര്‍ത്തി പരാമര്‍ശം; എളമരം കരീമിന് ‘മാധ്യമ’ത്തിൻ്റെ വക്കീല്‍ നോട്ടീസ്

മാധ്യമം പത്രത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറിയുമായ എളമരം കരീമിന് വക്കീല്‍ നോട്ടീസ്.സെപ്റ്റംബര്‍ മൂന്നിന് കോഴിക്കോട് സംയുക്ത ട്രേഡ് യൂണിയന്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘മാധ്യമം’ ദിനപത്രത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തിലും തുടര്‍ന്ന് മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശങ്ങളിലുമാണ് അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നാണ് മാനേജ്മെന്റിന് വേണ്ടി സിഇഒ പി.എം സാലിഹ് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നത്.’മാധ്യമം’ മാനേജ്‌മെന്റ് ജീവനക്കാരില്‍ ചിലരെ പ്രത്യേകമായി തെരഞ്ഞ് പിടിച്ച്‌ പുറത്താക്കുകയാണെന്നും വിവേചനപരമായ സമീപനം സ്വീകരിക്കുകയാണെന്നും സംഘടനാപരമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ് നടപടികളെന്നും അടക്കമുള്ള കരീമിന്റെ പ്രസ്താവനകള്‍ അപകീര്‍ത്തികരമാണെന്ന് നോട്ടീസില്‍ പറയുന്നു.ഇതിനു പുറമെ സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ അഴിമതി, ഭൂമി വാങ്ങല്‍, കമ്മീഷന്‍ കൈപ്പറ്റല്‍, സ്ഥാപനത്തിന്റെ പണം ദുരുപയോഗം ചെയ്യുകയോ വകമാറ്റുകയോ ചെയ്തതടക്കമുള്ള സാമ്പത്തിക ക്രമക്കേടുകളുണ്ടെന്ന ഗുരുതര ആരോപണവും പ്രസ്താവനകളിലൂടെ ഉന്നയിച്ചതായി നോട്ടീസില്‍ പറയുന്നു.ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റായതും ദുരുദ്ദേശ്യപരവുമാണെന്നു ‘മാധ്യമം’ മാനേജ്‌മെന്റിന് വേണ്ടി അയച്ച വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കി. സ്ഥാപനത്തിന്റെ സത്യസന്ധത, സാമ്പത്തിക സുതാര്യത, മാനേജ്‌മെന്റിന്റെ വിശ്വാസ്യത എന്നിവയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഗുരുതരമായ അപകീര്‍ത്തിക്ക് ഇടയാക്കിയെന്നും നോട്ടീസില്‍ പറയുന്നു.പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെ പ്രസ്താവന മാധ്യമ റിപ്പോര്‍ട്ടുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, വീഡിയോകള്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലൂടെ വ്യാപകമായി പ്രചരിച്ചതായും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സ്ഥാപനത്തിന്റെ പ്രശസ്തിക്കും സല്‍പേരിനും ജീവനക്കാരുമായുള്ള സൗഹൃദപരമായ തൊഴില്‍ബന്ധങ്ങള്‍ക്കും ദോഷകരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചെന്നും ‘മാധ്യമം’ ചൂണ്ടിക്കാട്ടി.പ്രസ്താവനകള്‍ പിന്‍വലിച്ച്‌ നിരുപാധികമായി ഖേദപ്രകടനം നടത്തണമെന്നും, പ്രസ്താവനകള്‍ പിന്‍വലിച്ച്‌ ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. കൂടാതെ, സ്ഥാപനത്തിന്റെ പ്രശസ്തിക്കും സല്‍പേരിനുമുണ്ടായ നഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.നോട്ടീസ് ലഭിച്ച്‌ ഏഴ് ദിവസത്തിനകം ആവശ്യങ്ങള്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം ആവശ്യമായ സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അഡ്വ. അമീന്‍ ഹസന്‍ മുഖേന അയച്ച നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *