കൊച്ചി: കരിപ്പൂർ വിമാനത്താവള പരിസരത്തെ കെട്ടിട നിർമാണങ്ങൾക്ക് മാസ്റ്റർ പ്ലാനിന്റെ പേരിൽ എൻഒസി നിഷേധിച്ച സിവിൽ ഏവിയേഷൻ നടപടി റദ്ദാക്കി ഹൈക്കോടതി. ഭാവിയിൽ നടപ്പാക്കാൻ പോകുന്ന മാസ്റ്റർ പ്ലാൻ-2047 ചൂണ്ടിക്കാട്ടി ജനങ്ങളുടെ നിർമാണാവകാശം തടയുന്നത് ഭരണഘടനാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. കൊണ്ടോട്ടി സ്വദേശി നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ.2022-ൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ എൻഒസി നിഷേധിച്ചിരുന്നു. എൻഒസി ലഭിക്കാത്തതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വീട് പുതുക്കിപ്പണിയുന്നതിനോ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനോ അനുമതി നൽകിയിരുന്നില്ല. ഇത് പ്രദേശവാസികളെ ഏറെക്കാലം ബുദ്ധിമുട്ടിലാക്കിയിരുന്നു.ഇതേത്തുടർന്ന്, വീട് നിർമാണത്തിന് എൻഒസി നിഷേധിച്ചതിനെതിരെ കൊണ്ടോട്ടി സ്വദേശിയായ ഷുജാക്കു റഹ്മാൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഭാവിയിൽ-2047ൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മാസ്റ്റർ പ്ലാൻ ചൂണ്ടിക്കാട്ടി ജനങ്ങളുടെ സ്വന്തം സ്ഥലത്തെ നിർമാണാവകാശം തടയുന്നത് ഭരണഘടനാ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി.ഭൂമി ഏറ്റെടുക്കുകയോ മറ്റ് നിയമപരമായ നടപടികളിലേക്ക് നീങ്ങുകയോ ചെയ്യാതെ കേവലമൊരു മാസ്റ്റർ പ്ലാനിന്റെ പേരിൽ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാനാകില്ല. മാസ്റ്റർ പ്ലാൻ ഉണ്ടെന്ന് പറഞ്ഞ് രണ്ട് വരിയിൽ എൻഒസി തള്ളിക്കളഞ്ഞ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും വിമാനങ്ങളുടെ സുരക്ഷിതമായ പോക്കുവരവിനോ ഉയരപരിധിക്കോ തടസമുണ്ടാക്കുന്ന കാര്യങ്ങളിലല്ലാതെ, ഭാവി വികസന പ്ലാനിന്റെ പേരിൽ നിർമാണാവകാശം തടയരുതെന്നും കോടതി നിരീക്ഷിച്ചു.ഹരജിക്കാരന്റെ എൻഒസി അപേക്ഷ നാലാഴ്ചയ്ക്കുള്ളിൽ തിരുത്തി പുനഃപരിശോധിച്ച് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് കരിപ്പൂർ വിമാനത്താവള പരിസരത്ത് വർഷങ്ങളായി കെട്ടിട നിർമാണാനുമതി ലഭിക്കാതെ വലഞ്ഞിരുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.
കരിപ്പൂർ വിമാനത്താവള പരിസരത്തെ കെട്ടിട നിർമാണങ്ങൾ തടയരുതെന്ന് ഹൈക്കോടതി; NOC നിഷേധിച്ച നടപടി റദ്ദാക്കി
