പാകിസ്താനി സിഖ് കുടുംബത്തിന്റെ നാടുകടത്തല്‍ തടഞ്ഞ് ഉത്തരാഖണ്ഡ് ഹൈക്കോടതി

best supreme court lawyers in Delhi

നൈനിറ്റാള്‍: ഡെറാഡൂണില്‍ ദീര്‍ഘകാല വിസയില്‍ താമസിക്കുന്ന പാകിസ്താനി സിഖ് കുടുംബത്തെ നാടുകടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഉത്തരാഖണ്ഡ് ഹൈക്കോടതി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വ്യക്തമായ തെളിവുകള്‍ ഇല്ലാതെ കുടുംബത്തെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കരുതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മനോജ് കുമാര്‍ തിവാരി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നിലപാട് വ്യക്തമാക്കണമെന്നും അടുത്ത വാദം കേള്‍ക്കുന്ന ജൂണ്‍ 15നകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.2019 മുതല്‍ ഡെറാഡൂണിലെ വസന്ത് വിഹാറില്‍ താമസിക്കുന്ന പാകിസ്താനി പൗരനായ മന്‍ജിത് സിങ്ങിനും കുടുംബത്തിനുമാണ് 24 മണിക്കൂറിനകം രാജ്യം വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നോട്ടിസ് നല്‍കിയത്. പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ സ്വദേശിയായ മന്‍ജിത് സിങ് ദീര്‍ഘകാല വിസയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ താമസിച്ചുവരുന്നത്. അദ്ദേഹത്തിന്റെ വിസ 2026 ഡിസംബര്‍ വരെ സാധുവാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.നോട്ടിസില്‍ നാടുകടത്തിലിന്റെ വ്യക്തമായ കാരണങ്ങളോ അടിസ്ഥാനങ്ങളോ വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഒരു ഇ മെയിലിനെ മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നതെന്നും ഹർജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തെ പെട്ടെന്ന് രാജ്യം വിടാന്‍ നിര്‍ബന്ധിക്കുന്നത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഹർജിയില്‍ പറയുന്നു.അതേസമയം, കുടുംബം താമസിക്കുന്ന വീടിന് സമീപത്താണ് ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നതെന്നും ഇത് സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിസയുടെ കാലാവധി നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസില്‍ അന്തിമ തീരുമാനം വരുന്നതുവരെ നാടുകടത്തല്‍ നടപടികള്‍ക്ക് കോടതി താല്‍ക്കാലിക വിലക്ക് തുടരും.

Leave a Reply

Your email address will not be published. Required fields are marked *