പച്ചാളം ജങ്ഷനിലെ ഗതാഗതക്കുരുക്ക്, വില്ലനായി വൈദ്യുതി തൂണുകൾ; ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: ഏറെ തിരക്കുള്ള കൊച്ചി നഗരത്തിലെ പച്ചാളം മേൽപ്പാലത്തോട് ചേർന്ന ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കെ ഇടപെടലുമായി ഹൈക്കോടതി . പച്ചാളം മേൽപ്പാലത്തിന് സമീപം റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് കോടതിയുടെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടലുണ്ടായത്.റോഡിലെ സുഗമമായ ഗതാഗതത്തെ ബാധിക്കുന്ന തരത്തിൽ പച്ചാളം മേൽപ്പാലത്തിന് സമീപം റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനുള്ള ഫണ്ട് അനുവദിക്കണം. പതിനാറാം തീയതിക്ക് മുൻപ് ഫണം അനുവദിക്കണം. ഇതിന് സാധിച്ചില്ലെങ്കിൽ കൊച്ചി കോർപറേഷൻ സെക്രട്ടറി, കെഎസ്ഇബി . എറണാകുളം എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ അന്ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വിഎം ശ്യാം കുമാർ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റെ ഭാഗത്ത് നിന്നാണ് ശക്തമായ ഇടപെടലുണ്ടായത്.പദ്ധതിക്കായി ആവശ്യമായ 1.60 ലക്ഷം രൂപ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷനും കെഎസ്ഇബിയും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് കോടതിയെ അറിയിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. റെയിൽവേ അധികൃതരിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ചിട്ടില്ലെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. എന്നാൽ, വൈദ്യുതി പോസ്റ്റുകൾ റെയിൽവേയുടെ സ്ഥലത്തേക്ക് മാറ്റുന്നതിനായി കോർപറേഷനോ കെഎസ്ഇബിയോ യാതൊരുവിധ അപേക്ഷയും നൽകിയിട്ടില്ലെന്ന് റെയിൽവേ അഭിഭാഷകൻ കോടതിയെ അറിയിച്ചു.പോസ്റ്റുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതരുമായി നടത്തിയ ആശയവിനിമയങ്ങളുടെ വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ ഇരു വിഭാഗത്തോടും കോടതി നിർദേശിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 16ലേക്ക് മാറ്റി. ഇതോടെ വിഷയത്തിൽ കോടതിയുടെ ഭാഗത്ത് നിന്നും തുടർന്നും ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി. രാവിലെയും വൈകുന്നേരവും ഉൾപ്പെടെയുള്ള തിരക്കേറിയ സമയങ്ങളിൽ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്. മഴയുള്ള ദിവസങ്ങളിൽ തിരക്ക് കൂടും. വാഹനങ്ങൾ ഏറെ നേരം കാത്തുകിടന്നാണ് സഞ്ചരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *