ടിവികെ എംഎല്‍എയ്ക്ക് വോട്ട് ചെയ്യാന്‍ അനുമതി; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: തമിഴ്നാട് നിയമസഭയിലെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ടിവികെ എംഎല്‍എ ആര്‍. ശ്രീനിവാസ സേതുപതിയെ വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചത്.തിരഞ്ഞെടുപ്പ് പരാതികള്‍ പരിഹരിക്കാന്‍ ‘ഇലക്ഷന്‍ പെറ്റീഷന്‍’ നല്‍കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി തന്നെ സമ്മതിക്കുന്നുണ്ടെന്നും, എന്നിട്ടും റിട്ട് ഹര്‍ജി പരിഗണിച്ചത് ‘അതിശയം’ ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 226-ാം അനുച്ഛേദം അനുസരിച്ചുള്ള റിട്ട് അധികാരം ഇത്തരമൊരു കേസില്‍ ഉപയോഗിച്ചതിനെ കോടതി ചോദ്യം ചെയ്തു. ഹൈക്കോടതിയില്‍ നിലവിലുള്ള കേസിലെ ബാക്കി നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂര്‍ മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി കെ.ആര്‍. പെരിയറുപ്പനെ ഒരു വോട്ടിന് തോല്‍പ്പിച്ചാണ് ശ്രീനിവാസ സേതുപതി വിജയിച്ചത്. പോസ്റ്റല്‍ ബാലറ്റ് എണ്ണിയതിലെ ക്രമക്കേട് ആരോപിച്ചായിരുന്നു പെരിയറുപ്പന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടെയുള്ള സഭാ നടപടികളില്‍ സേതുപതിയെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.സുപ്രീം കോടതിയുടെ ഈ നിര്‍ണ്ണായക ഇടപെടലോടെ സേതുപതിയുടെ വോട്ടവകാശം പുനഃസ്ഥാപിക്കപ്പെട്ടു. കേസില്‍ എതിര്‍കക്ഷിയായ പെരിയറുപ്പന് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. അതേസമയം, ബുധനാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *