ശബരിമല യുവതീ പ്രവേശനം; പരിഷ്‌കരണം വേണമെന്ന് ജനം ആവശ്യപ്പെട്ടാല്‍ അംഗീകരിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : ശബരിമലയിൽ ആർത്തവ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം തടയുന്നത് ആത്യന്തികമായി മനസാക്ഷിയുടെ വിഷയമാണെന്ന് സുപ്രീം കോടതി. വാക്കാലായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ജനങ്ങൾ, അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ വഴി, ഈ ആചാരത്തിന് സാമൂഹിക പരിഷ്‌കരണം ആവശ്യമാണെന്ന് കൂട്ടായി തീരുമാനിച്ചാൽ, കോടതി അത്തരമൊരു പരിഷ്‌കരണം അംഗീകരിക്കുമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.ശബരിമല ക്ഷേത്രം ഉൾപ്പെടെയുള്ള മതസ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരായ വിവേചനം, ദാവൂദി ബോറകൾ ഉൾപ്പെടെയുള്ള വിഭാഗം ആചരിക്കുന്ന മതസ്വാതന്ത്ര്യത്തിന്‍റെ പരിധി, വ്യാപ്‌തി എന്നിവയുമായി ബന്ധപ്പെട്ട ഹർജികളാണ് ഒമ്പത് ജഡ്‌ജിമാരുടെ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഒഫ് ഇന്ത്യ (സിജെഐ) സൂര്യകാന്ത്, ജസ്റ്റിസുമാരായ ബി വി നാഗരത്ന, എം എം സുന്ദരേഷ്, അഹ്സാനുദ്ദീൻ അമാനുല്ല, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ്ജ് മാസിഹ്, പ്രസന്ന ബി വരാലെ, ആർ മഹാദേവൻ, ജോയ്‌മല്യ ബാഗ്‌ചി എന്നിവർ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.സ്ത്രീകളെ വിലക്കുന്നതിന്‍റെ അടിസ്ഥാനം അവരുടെ ആർത്തവ പ്രായം ആണെന്ന് ശബരിമല ക്ഷേത്രത്തെക്കുറിച്ച് ചില കക്ഷികളെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ പറഞ്ഞു. ‘എന്നെ ഒരു പത്തു വയസുകാരിയായി കണക്കാക്കൂ. ഞാൻ കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ പോകുന്നു. ആർത്തവമാകുമ്പോള്‍ അത് നിഷിദ്ധമാണ്…,’ -ഹൻസാരിയ പറഞ്ഞു. “നിങ്ങൾ അതിനെ നിഷിദ്ധമായി കണക്കാക്കുന്നുവെങ്കിൽ അത് നിഷിദ്ധമാണ്, നിങ്ങൾ അതിനെ നിഷിദ്ധമായി കണക്കാക്കുന്നില്ലെങ്കിൽ അങ്ങനെ അല്ലതാനും… നിങ്ങൾ അതിനെ എങ്ങനെ കാണുന്നു എന്നതാണ് ചോദ്യം.” -ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു.ഒരു ഭക്തനെയും ഒരു ഭക്തനല്ലാത്ത ഒരാളെയും എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്, എന്നും ഒരാൾ തന്‍റെ മനസാക്ഷി അനുസരിച്ച് പ്രവർത്തിക്കണമെന്നും ബെഞ്ച് പറഞ്ഞു. “എന്‍റെ മനസാക്ഷി അതിനെ ഒരു നിഷിദ്ധമോ കളങ്കമോ ആയി കണക്കാക്കുന്നില്ല. പക്ഷേ ചിലർ അത് നിഷിദ്ധമാണെന്ന് പറയുന്നു” – എന്നും ഹൻസാരിയ പറഞ്ഞു. സാമൂഹിക ക്ഷേമത്തിനായി നടപ്പിലാക്കുന്ന ഒരു സംസ്ഥാന നിയമം ഉയർത്തിപ്പിടിക്കണമെന്നും അത് മതപരമായ ആചാരങ്ങളെ ബാധിക്കുന്നതിനാൽ മാത്രം റദ്ദാക്കരുതെന്നും കോടതി പറഞ്ഞു.മതപരമായ ആചാരമാണെങ്കിലും സാമൂഹിക പരിഷ്‌കരണം ആവശ്യമാണെങ്കില്‍ ആർട്ടിക്കിൾ 25 2(b) പ്രകാരം അത് നടപ്പിലാക്കാൻ നിയമം ഉണ്ട്, അത്യാവശ്യമായ ഒരു മതപരമായ ആചാരമാണെന്ന് പറഞ്ഞ് അത് റദ്ദാക്കാൻ കഴിയില്ലെന്നും ഹൻസാരിയ പറഞ്ഞു. ഉദാഹരണത്തിന്, ഒരു സംസ്ഥാനം നിയമം നിർമ്മിക്കുകയാണെങ്കിൽ – എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാമെന്ന് ഹൻസാരിയ പറഞ്ഞു.”ഈ രാജ്യത്തെ ജനങ്ങൾ, അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ വഴി, ഈ വിഷയത്തിൽ സാമൂഹിക പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് ഒരു പൊതു ശബ്‌ദം ഉയർത്തുകയാണെങ്കിൽ, കോടതി അത് ഒരു സാമൂഹിക പരിഷ്‌കരണമായി അംഗീകരിക്കും. എന്നാൽ അത് ജനങ്ങളുടെ ആഗ്രഹത്തിനും ഇഷ്‌ടത്തിനും എതിരാണെങ്കിൽ കോടതി ഇടപെടും” -എന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *