ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന ഏറ്റെടുത്ത് സുപ്രീം കോടതിയും.സുപ്രീം കോടതിയിൽ ആഴ്ചയിൽ രണ്ട് ദിവസം വാദം കേൾക്കൽ വെർച്വൽ രീതിയിലായിരിക്കുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.പശ്ചിമേഷ്യൻ സംഘർഷം ഊർജ്ജ വിപണിയെ ബാധിക്കുകയും എണ്ണ, വാതക വിതരണത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിൽ, സാമ്പത്തിക ആഘാതം കുറയ്ക്കാൻ മിതവ്യയ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സുപ്രീം കോടതിയുടെ പുതിയ തീരുമാനം. ചൊവ്വാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഹൈബ്രിഡ് സംവിധാനം തുടരുമെന്നും, അഭിഭാഷകർക്കും കക്ഷികൾക്കും നേരിട്ടോ അല്ലാതെയോ കോടതി നടപടികളിൽ പങ്കുചേരാമെന്നും കോടതി അറിയിച്ചു.യാത്രാ സൗകര്യങ്ങളിൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇന്ധന ലാഭത്തിനുമായി കാർപൂളിംഗ് (വാഹനങ്ങൾ പങ്കുവെക്കൽ) പ്രോത്സാഹിപ്പിക്കാൻ ജഡ്ജിമാർ ഐകകണ്ഠ്യേന തീരുമാനിച്ചതായും പരമോന്നത കോടതി വ്യക്തമാക്കി. ഇതിനുപുറമെ, കോടതിയിലെ ഓരോ രജിസ്ട്രി ബ്രാഞ്ചുകളിലെയും പകുതി ജീവനക്കാർക്ക് ആഴ്ചയിൽ പരമാവധി രണ്ട് ദിവസം വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ (വർക്ക് ഫ്രം ഹോം) അനുമതി നൽകിയിട്ടുണ്ട്. കോടതിയുടെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ പ്രതിവാര ഡ്യൂട്ടി റോസ്റ്ററുകൾ തയ്യാറാക്കിയാകും ഈ സംവിധാനം നടപ്പിലാക്കുക.ജോലിയുടെ സ്വഭാവമനുസരിച്ച് ജീവനക്കാർ നേരിട്ട് ഹാജരാകേണ്ടത് അനിവാര്യമായ വിഭാഗങ്ങളിൽ, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഈ നയത്തിൽ മാറ്റം വരുത്താനോ നിയന്ത്രിക്കാനോ ഉള്ള അധികാരം രജിസ്ട്രി അധികൃതർക്കുണ്ടായിരിക്കും. യാത്രയുമായി ബന്ധപ്പെട്ട ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി അനുയോജ്യമായ മേഖലകളിൽ വർക്ക് ഫ്രം ഹോം രീതി വീണ്ടും പ്രോത്സാഹിപ്പിക്കാമെന്ന് ഇന്ധന സംരക്ഷണത്തിനായുള്ള തന്റെ ആഹ്വനത്തിൽ പ്രധാനമന്ത്രി മോദിയും നിർദ്ദേശിച്ചിരുന്നു.
ഇന്ധനം ലാഭിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീം കോടതി
