ട്രംപിൻ്റെ വൈറ്റ് ഹൗസ് ബാള്‍റൂം പദ്ധതിക്ക് തിരിച്ചടി; നിര്‍മ്മാണം യുഎസ് അപ്പീല്‍ കോടതി തടഞ്ഞു

വൈറ്റ് ഹൗസില്‍ 400 മില്യണ്‍ ഡോളർ (ഏകദേശം 297 മില്യണ്‍ പൗണ്ട്) ചെലവില്‍ കൂറ്റൻ ബാള്‍റൂം നിർമ്മിക്കാനുള്ള പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ വിവാദ പദ്ധതിക്ക് യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതിയുടെ താല്‍ക്കാലിക വിലക്ക്.കോണ്‍ഗ്രസിൻ്റെ (യുഎസ് പാർലമെൻ്റ്) അനുമതിയില്ലാതെ നിർമ്മാണവുമായി മുന്നോട്ട് പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ പ്രസിഡൻ്റിൻ്റെ എക്സിക്യൂട്ടീവ് അധികാരങ്ങളും പാർലമെൻ്റും തമ്മിലുള്ള നിയമപോരാട്ടം ഇനി സുപ്രീം കോടതിയിലേക്ക് നീങ്ങും.“ഒരു വലിയ ബാള്‍റൂം നിർമ്മിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണ്, അല്ലാതെ അത് എക്സിക്യൂട്ടീവിൻ്റെ സ്വയംഭരണപരമായ തീരുമാനമല്ല,” എന്ന് മൂന്നംഗ ജഡ്ജിമാരുടെ പാനല്‍ 2-1 എന്ന ഭൂരിപക്ഷത്തില്‍ പ്രസ്താവിച്ചു. “ഓരോ പ്രസിഡൻ്റും വൈറ്റ് ഹൗസിൻ്റെ താല്‍ക്കാലിക താമസക്കാർ മാത്രമാണ്, ഉടമകളല്ല. അമേരിക്കൻ ജനതയ്ക്കായി പരിപാലിക്കുന്ന ഈ ചരിത്ര സ്മാരകത്തിന്മേല്‍ പ്രസിഡൻ്റിന് ഭരണഘടനാപരമായ യാതൊരു അധികാരവുമില്ല,” എന്നും കോടതി വിധിന്യായത്തില്‍ ഓർമ്മിപ്പിച്ചു.പദ്ധതിക്കായി വൈറ്റ് ഹൗസിൻ്റെ ചരിത്രപ്രസിദ്ധമായ ‘ഈസ്റ്റ് വിംഗ്’ കഴിഞ്ഞ ഒക്ടോബറില്‍ ട്രംപ് ഭരണകൂടം പൊളിച്ചുനീക്കിയിരുന്നു. ഇതിനെതിരെ ‘നാഷണല്‍ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻ’ നല്‍കിയ ഹർജിയിലാണ് കോടതിയുടെ ഇടപെടല്‍. ഭൂമിക്ക് മുകളിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് കോടതി തടഞ്ഞത്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനായി വിധി നടപ്പാക്കുന്നത് 14 ദിവസത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *