ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി; കേസ് വിധി പറയാൻ മാറ്റി

ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീംകോടതിയില്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം കേള്‍ക്കല്‍ പൂർത്തിയായി.കേസ് വിധി പറയാനായി മാറ്റി. 16 ദിവസമാണ് മതസ്വാതന്ത്ര്യം ആചാരം, കോടതി ഇടപെടല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സുപ്രീംകോടതിയില്‍ വാദം നടന്നത്. ശബരിമലയില്‍ യുവതി പ്രവേശം പാടില്ല എന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാടെടുത്തതെങ്കില്‍ ആചാര കാര്യങ്ങളില്‍ കോടതി ഇടപെടല്‍ പാടില്ല എന്ന നിലപാടാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്.നേരത്തെ യുവതി പ്രവേശനത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാർ എന്നാല്‍ ഇക്കുറി തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇതില്‍ കൃത്യമായ നിലപാട് പറഞ്ഞില്ല. ആചാരകാര്യങ്ങളില്‍ കോടതി ഇടപെടല്‍ പാടില്ല എന്നാണ് യുവതി പ്രവേശത്തെ എതിർക്കുന്നവർ വാദിച്ചത്. എന്നാല്‍, മതത്തിന് പുറത്ത് നില്‍ക്കുന്നവർക്കും ആചാരങ്ങളെ ചോദ്യം ചെയ്തു കോടതിയെ സമീപിക്കാം എന്ന് യുവതി പ്രദേശത്തെ അനുകൂലിക്കുന്നവർ വാദിച്ചു.വാദത്തിനിടെ യുവതി പ്രവേശനത്തെ ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങളാണ് ജസ്റ്റിസ് നാഗരത്ന നടത്തിയത്. ലക്ഷക്കണക്കിന് ആളുകള്‍ വർഷങ്ങളായി പാലിച്ചു പോരുന്ന ആചാരങ്ങളെ കോടതിക്ക് എങ്ങനെ തെറ്റാണെന്ന് പറയാൻ ആകുമെന്ന് ചോദ്യം ചീഫ് ജസ്റ്റിസും ഉയർത്തി. ഒൻപതംഗ ഭരണഘടന ബഞ്ച് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും യുവതി പ്രവേശന വിധി പുന:പരിശോധിക്കണോ എന്ന് തീരുമാനിക്കുക. ഇതിൻ്റെ അടിസ്ഥാനത്തില്‍ അഞ്ചംഗ ബെഞ്ച് രൂപീകരിച്ച്‌ വീണ്ടും വാദം നടത്തണം. വാദം പൂർത്തിയായ സാഹചര്യത്തില്‍ സുപ്രീംകോടതി വേനലവധിക്ക് ശേഷം വിധി പറയാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *