സൈറണ്‍ തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ കോര്‍പറേഷൻ സുപ്രീം കോടതിയില്‍

ശബ്ദ ശല്യത്തിന് ഇടയാക്കുന്നുവെന്ന പരാതിയില്‍ കണ്ണൂർ കോർപറേഷൻ ഓഫീസിലെ സൈറണ്‍ പ്രവർത്തിപ്പിക്കുന്നത് തടഞ്ഞുള്ള ഹൈക്കോടതി വിധിക്കെതിരെ കോർപറേഷൻ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.സൈറണ്‍ സൃഷ്ടിക്കുന്ന ശബ്ദശല്യം ജനങ്ങള്‍ക്ക് ദുരിതമാകുന്നുവെന്ന് കാണിച്ച്‌ തളാപ്പ് സ്വദേശി പ്രശാന്തൻ ഹൈക്കോടതിയില്‍ സമർപ്പിച്ച പരാതിയിലാണ് പ്രവർത്തനം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.പണ്ടു മുതലേ ജനങ്ങളെ സമയം അറിയിക്കാനുള്ള സംവിധാനമായാണ് സൈറണ്‍ ഉപയോഗിക്കുന്നതെന്ന് കോർപറേഷൻ കോടതിയില്‍ വാദിച്ചു. എന്നാല്‍, ജനങ്ങള്‍ക്ക് സമയമറിയാൻ ഇന്നത്തെ കാലത്ത് മറ്റ് പല സംവിധാനങ്ങളുണ്ടെന്നായിരുന്നു ഹൈക്കോടതി കണ്ടെത്തിയത്. കോർപറേഷന്റെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി സൈറണ്‍ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിടുകയുമായിരുന്നു.നേരത്തെ സൈറണ്‍ വിഷയവുമായി ബന്ധപ്പെട്ട് കോർപറേഷനും ജില്ലാ കളക്ടറും തമ്മില്‍ തർക്കമുണ്ടായിരുന്നു. കോർപറേഷൻ ഓഫീസിന് സമീപത്തെ ക്യാന്പ് ഓഫീസിലെ താമസക്കാരനായ ഉത്തരമേഖല ഡിഐജി സൈറണെതിരെ കളക്ടർക്ക് പരാതി നല്‍കിയതിനെ തുടർന്നായിരുന്നു കളക്ടർ ഇടപെട്ടത്.സൈറന്റെ ശബ്ദം അനുവദനീയമായ ശബ്ദത്തിലും കൂടുതലാണെന്നും നിർത്തിവയ്ക്കുകയോ ശബ്ദം കുറക്കുകയോ ചെയ്യണമെന്ന് കളക്ടർ നിർദേശിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം നടപടി സ്വീകരിച്ചില്ലെങ്കില്‍ ജില്ലാ കളക്ടറുടെ പ്രത്യേക അധികാരമുപയോഗിച്ച്‌ സൈറണ്‍ സംവിധാനം കണ്ടു കെട്ടുമെന്നും കളക്ടർ കോർപറേഷനെ അറിയിച്ചിരുന്നു. ഇതിനിടെയാണ് തളാപ്പ് സ്വദേശി ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയെടുത്തതും.ഹൈക്കോടതി വിധിക്കെതിരെ അഡ്വ. ഹാരിസ് ബീരാൻ മുഖേനയാണ് കോർപറേഷൻ സുപ്രീം കോടതിയില്‍ അപ്പീല്‍ ഹർജി സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *