അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ്. വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്ബ്യാർ എന്നിവരാണ് കേസിലെ പ്രതികള്‍.തലശ്ശേരി സെഷന്‍സ് കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായിരുന്നു.ദളിത് വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയായതിനാല്‍ തനിക്കെതിരെ എസ്.സി / എസ്.ടി. അതിക്രമ നിയമം ബാധകമല്ലെന്നായിരുന്നു ഡോ. എം.കെ റാമിന്റെ പ്രധാന വാദം. എന്നാല്‍, ജാതി അധിക്ഷേപം നടത്തിയ ആള്‍ ഏത് ജാതിയില്‍പ്പെടുന്നു എന്നതിനേക്കാള്‍ ഇരയുടെ ജാതിയാണ് ഇത്തരം കേസുകളില്‍ പ്രധാനമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു.ഏപ്രില്‍ പത്തിനാണ് നിതിൻ രാജ് കോളജ് കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.നിതിൻ രാജിന്റെ മരണത്തിന് കാരണം അധ്യാപകരുടെ പീഡനമല്ലെന്നും, ലോണ്‍ ആപ്പുകാരുടെ ഭീഷണിയാണെന്നുമാണ് കോളജ് മാനേജ്‌മെന്റ് കോടതിയെ അറിയിച്ചത്. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്ക് നിരന്തരം കോളുകള്‍ വന്നിരുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് നിതിനെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിച്ചതെന്നും ഇവർ വാദിക്കുന്നു.പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ആരോപണവിധേയരായ അധ്യാപകരെ കോളേജ് മാനേജ്‌മെന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ഇരുവരും നിലവില്‍ ഒളിവിലാണെന്നാണ് റിപ്പോർട്ടുകള്‍. കോടതി വിധി വരുന്നതോടെ പ്രതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടർന്നുള്ള നടപടികളില്‍ വ്യക്തത വരും.2026 ഏപ്രില്‍ 10-ന് ഉച്ചയ്ക്ക് 1.20-ന് പ്രിൻസിപ്പലിന്റെ മുറിയില്‍നിന്ന് കരഞ്ഞുകൊണ്ട് പുറത്തിറങ്ങിയ നിതിൻ രാജ്, കോളജ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. അധ്യാപകരായ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്ബ്യാർ എന്നിവരില്‍നിന്നുണ്ടായ നിരന്തരമായ ജാതി അധിക്ഷേപവും നിറത്തിന്റെ പേരിലുള്ള പരിഹാസവുമാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. നിതിൻ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്ന ശബ്ദരേഖകളും പിന്നീട് പുറത്തുവന്നു.പ്രതികളായ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും എസ്.സി/എസ്.ടി. അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
