കോഴിക്കോട് എൻഐടി അധ്യാപകര്‍ക്ക് അബദ്ധത്തില്‍ നല്‍കിയ അധിക ശമ്പളം തിരിച്ചുപിടിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിലെ അധ്യാപകർക്ക് അബദ്ധത്തിൽ നൽകിയ അക്കാദമിക് ഗ്രേഡ് പേ (AGP) ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുന്നത് സുപ്രീം കോടതി ശരിവെച്ചു. അധികമായി നൽകിയ തുക തിരിച്ചുപിടിക്കുന്നത് നിയമപരമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, അധ്യാപകർ നൽകിയ അപ്പീലുകൾ തള്ളിക്കളഞ്ഞു. തുക തിരിച്ചുപിടിക്കില്ലെന്ന കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിൻ്റെ (MHRD) കത്ത് ചൂണ്ടിക്കാട്ടി അധ്യാപകർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജെ ബി പാർഡിവാല എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഈ സുപ്രധാന വിധി.

2006 ജനുവരി 1-നും 2009 ജൂലൈ 1-നും ഇടയിൽ നേരിട്ടുള്ള റിക്രൂട്ട്മെൻ്റ് വഴി എൻ ഐ ടി കാലിക്കറ്റിൽ ലക്‌ചറർ/അസിസ്റ്റൻ്റ് പ്രൊഫസർ തസ്‌തികകളിൽ പ്രവേശിച്ച അധ്യാപകർക്കാണ് 2009 ഒക്ടോബറിൽ ഈ ശമ്പള ആനുകൂല്യം അനുവദിച്ചത്.എന്നാൽ ആവശ്യത്തിന് സേവനകാലയളവ് പൂർത്തിയാക്കിയിട്ടില്ലെന്ന കാരണത്താൽ 2010 ജനുവരിയിൽ ഈ ആനുകൂല്യം പിൻവലിച്ചു. ഇതിനെതിരെ അധ്യാപകർ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ആദ്യം സിംഗിൾ ബെഞ്ച് അധ്യാപകർക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചെങ്കിലും, പിന്നീട് ഡിവിഷൻ ബെഞ്ച് ഈ വിധി റദ്ദാക്കുകയുണ്ടായി. ഇതിനെതിരെയാണ് അധ്യാപകർ സുപ്രീം കോടതിയെ സമീപിച്ചത്. അബദ്ധത്തിൽ നൽകിയ തുകയാണെങ്കിലും, വഞ്ചനയോ തെറ്റായ വിവരമോ കൂടാതെ നൽകിയ ആനുകൂല്യങ്ങൾ പിന്നീട് തിരിച്ചുപിടിക്കാൻ പാടുണ്ടോ എന്നതായിരുന്നു കോടതി പ്രധാനമായും പരിശോധിച്ചത്.

ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുൻകാലങ്ങളിലെ വിധികളും ഇന്ത്യൻ കരാർ നിയമത്തിലെ 72-ാം വകുപ്പും (Section 72 of the Contract Act) കോടതി വിശദമായി പരിശോധിച്ചു. ശമ്പള നിർണയത്തിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കാൻ സ്ഥാപനത്തിന് അവകാശമുണ്ട്. മാത്രമല്ല, തുക തിരിച്ചുപിടിച്ച് രണ്ട് വർഷത്തിന് ശേഷമാണ് അധ്യാപകർ കോടതിയെ സമീപിച്ചതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.തുകയിൽ മാറ്റം വന്നാൽ അത് തിരികെ നൽകുമെന്ന് അധ്യാപകർ ഒപ്പിട്ടു നൽകിയിട്ടുള്ളതായി എൻ ഐ ടി അധികൃതർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ തുക തിരിച്ചുപിടിക്കുന്നത് നിയമവിരുദ്ധമല്ലെന്നും, കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് എടുത്ത തീരുമാനം ശരിയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. തുടർന്ന് ഹർജികൾ പൂർണ്ണമായി തള്ളിക്കൊണ്ട് ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *