ബിരുദദാന ചടങ്ങിലേയ്ക്ക് ചീഫ് ജസ്റ്റിസിനെ ക്ഷണിക്കരുതെന്ന് വിദ്യാർത്ഥികൾ; നൽസാറിൽ പ്രതിഷേധം

ബിരുദദാന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ വിദ്യാർത്ഥികൾ. ഹൈദരാബാദിലെ നൽസാർ ലോ യൂണിവേഴ്സിറ്റിയിലെ ഒരു വിഭാഗം വിദ്യാർത്ഥികളാണ് വരാനിരിക്കുന്ന ബിരുദദാന ചടങ്ങിൽ സൂര്യകാന്തിനെ ക്ഷണിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എൽ.എൽ.ബി, എൽ.എൽ.എം ബാച്ചുകൾ ഉൾപ്പെടെ വിവിധ ബാച്ചുകളിൽ നിന്നുള്ള 450-ഓളം വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും പ്രൊഫസർമാർക്കും കത്ത് അയച്ചു. കഴിഞ്ഞ മാസം നടന്ന നീറ്റ് പ്രതിഷേധങ്ങൾക്കിടയിൽ ഉണ്ടായ പോലീസ് അതിക്രമങ്ങൾക്കെതിരെയുള്ള ഹർജിയിൽ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശങ്ങളാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. യൂണിവേഴ്‌സിറ്റിയിൽ ആകെ 1400 വിദ്യാർത്ഥികളാണുള്ളത്. ബിരുദദാന ചടങ്ങിന്റെ തീയതിയോ മുഖ്യാതിഥി ആരാണെന്നോ യൂണിവേഴ്‌സിറ്റി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് വർഷങ്ങളായി നൽസാറിലെ ബിരുദദാന പ്രസംഗം നടത്താറുള്ളത്.ജൂലൈ 23-നാണ് എൽ.എൽ.ബി കോഴ്‌സ് പൂർത്തിയാക്കുന്ന ബാച്ചിലെ 70 വിദ്യാർത്ഥികൾ അധികൃതർക്ക് ആദ്യ നിവേദനം നൽകിയത്. ജൂലൈ 25-ഓടെ 2027, 2028, 2029, 2030, 2031 ബാച്ചുകളിലെ 380-ഓളം വിദ്യാർത്ഥികൾ ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും യൂണിവേഴ്‌സിറ്റി ഭരണകൂടത്തിന് പ്രത്യേകം കത്തുകൾ അയക്കുകയും ചെയ്തു.ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ജൂലൈ 20-നുണ്ടായ പോലീസ് അതിക്രമത്തെക്കുറിച്ച് സ്വമേധയാ കേസ് എടുക്കാൻ ജൂലൈ 22-ന് സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. പോലീസ് ക്രൂരതയുടെ വീഡിയോ തെളിവുകൾ ഉണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, കോടതിയുടെ സമയം പാഴാക്കരുത് എന്ന് പറഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വീഡിയോകൾ പരിശോധിക്കാൻ വിസമ്മതിക്കുകയായിരുന്നു.പ്രതിഷേധിക്കുന്ന പൗരന്മാർക്കെതിരായ പോലീസ് ക്രൂരതയെക്കുറിച്ചുള്ള ഗൗരവമേറിയ ആരോപണങ്ങളെ നിസ്സാരമായി കാണുന്ന ഒരു പ്രമുഖനിൽ നിന്ന് ബിരുദം സ്വീകരിക്കുന്നത് നൽസാറിൽ നിന്ന് പഠിച്ച മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് കരുതുന്നുവെന്നും അതിനാൽ ഈ ചടങ്ങിലെ മുഖ്യാതിഥിയെക്കുറിച്ചുള്ള തീരുമാനം യൂണിവേഴ്‌സിറ്റി പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ആദ്യ കത്തിൽ വിദ്യാർത്ഥികൾ വ്യക്തമാക്കി. തുടർന്നുള്ള ദിവസങ്ങളിൽ, നൽസാറിലെ വിവിധ ബാച്ചുകളിലെ വിദ്യാർത്ഥികളും സമാനമായ രീതിയിൽ യൂണിവേഴ്‌സിറ്റി ഭരണകൂടത്തിന് കത്തുകളയച്ചു. എന്നാൽ, മാധ്യമങ്ങളിലെ ചില വിഭാഗങ്ങൾ താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചെന്നും, വ്യാജ ബിരുദങ്ങൾ വഴി വിവിധ മേഖലകളിലേക്ക് കടന്നുകൂടിയവരെ മാത്രമാണ് താൻ വിമർശിച്ചതെന്നും വ്യക്തമാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരണം നൽകിയിരുന്നു.ദ ഇന്ത്യൻ എക്സ്പ്രസ് നൽസാർ ഭരണകൂടവുമായി ബന്ധപ്പെട്ടപ്പോൾ വൈസ് ചാൻസലർ പ്രതികരണത്തിന് ലഭ്യമായിരുന്നില്ല. എന്നാൽ, ഭരണകൂടം ഈ വിഷയത്തിൽ വളരെയധികം ജാഗ്രത പുലർത്തുന്നുണ്ടെന്നും ചീഫ് ജസ്റ്റിസിന് കൂടുതൽ നാണക്കേടുണ്ടാകുന്നത് ഒഴിവാക്കാൻ ഇത്തവണത്തെ ബിരുദദാന ചടങ്ങ് തന്നെ റദ്ദാക്കിയേക്കുമെന്ന സംസാരമുണ്ടെന്നും ഒരു മുതിർന്ന അധ്യാപകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *